
ഓടനാവട്ടം: പുതുവത്സര രാത്രിയിൽ കട തീയിട്ട് നശിപ്പിച്ചു. വെളിയം മാലയിൽ തുലവിള രമ്യാഭവനിൽ സുന്ദരേശന്റെയും കുടുംബത്തിന്റെയും ജീവനോപാധിയായ കടയാണ് കത്തിച്ചത്. വീടിനോട് ചേർന്ന് സുന്ദരേശൻ കട ആരംഭിച്ചിട്ട് ഒരു മാസം പോലും ആയിരുന്നില്ല. പലചരക്ക് സാധനങ്ങൾ, പച്ചക്കറി, ഇലക്ട്രിക് ത്രാസ്, സീലിംഗ് മെഷീൻ, മറ്റ് സാധനസാമഗ്രികൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സുന്ദരേശൻ പറഞ്ഞു.
കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ അക്രമികൾ പുറത്തെടുത്ത ശേഷമാണ് കടയ്ക്ക് തീയിട്ടിത്. തീയിടാനുപയോഗിച്ച മണ്ണെണ്ണക്കുപ്പി തൊട്ടടുത്ത് ഉപേക്ഷിച്ച നിലയിൽ പൂയപ്പള്ളി പൊലീസ് കണ്ടെടുത്തു. നാട്ടുകാരുടെ സഹായത്തോടെ പൊലീസാണ് തീയണച്ചത്. പുലർച്ചെ 3 മണിയോടെ വലിയ ഒച്ച കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കട അഗ്നിക്കിരയാവുന്നത് കണ്ടത്.