പുത്തൂർ: കോൺഗ്രസ് വാർഡ് പ്രസിഡന്റിനെയും സഹോദരനെയും പുത്തൂർ എസ്.ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. കോൺഗ്രസ് വാർഡ് പ്രസിഡന്റ് കുറ്ററ ചരുവിള വീട്ടിൽ അഭിലാഷ് (40), സഹോദരൻ അനീഷ് (38) എന്നിവർക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11.30 യോടെയാണ് സംഭവം.
പുതുവത്സര തലേന്ന് നൈറ്റ് പെട്രോളിംഗിന് ഇറങ്ങിയ പൊലീസ് സംഘത്തെ കുളക്കട ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന ചിലർ കൂകിവിളിച്ചു. തുടർന്ന് പൊലീസ് തിരിച്ചെത്തി റോഡിനോട് ചേർന്ന് വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിലാഷിനെയും സഹോോദരനെയും മർദ്ദിച്ചെന്നാണ് പരാതി.
മർദ്ദനത്തിൽ അഭിലാഷിന്റെ കൈയ്ക്ക് മുറിവേറ്റു. സഹോദരന്റെ മുഖത്തും അടിയേറ്റു. തറയിൽ വീണിട്ടും പൊലീസ് അടി നിർത്തിയില്ല എന്നും കൊട്ടാരക്കര എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ നൈറ്റ് പെട്രോളിംഗിന് പൊലീസ് വാഹനങ്ങൾ പോയപ്പോൾ കൂകി വിളിച്ചതായും റോഡിൽ നിന്നവരെ പിരിച്ചുവിടാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും പുത്തുർ എസ്.ഐ രതീഷ് കുമാർ പറഞ്ഞു.