police-1
നീരാവിൽ എം.എം നഗർ റസിഡന്റ്സ് അസോസിയേഷന്റെയും അഞ്ചാലുംമൂട് പൊലീസിന്റെയും നേതൃത്വത്തിൽ മാലിന്യനിക്ഷേപത്തിനെതിരെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചപ്പോൾ

അഞ്ചാലുംമൂട് : മാലിന്യനിക്ഷേപം മൂലം ജനങ്ങൾ പൊറുതിമുട്ടിയതോടെ നാട്ടുകാരും പൊലീസും ചേർന്ന് കുന്നുകൂടിക്കിടന്ന മാലിന്യം നീക്കി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. അഞ്ചാലുംമൂട് സി.കെ.പി ജംഗ്‌ഷൻ - നീരാവിൽ റോഡ് തുടങ്ങുന്ന ഭാഗത്തെ മാലിന്യങ്ങളാണ് പൊലീസും നാട്ടുകാരും ചേർന്ന് നീക്കം ചെയ്തത്. നീരാവിൽ എം.എം നഗർ റസിഡന്റ്സ് അസോസിയേഷൻ മേഖലയിലാണ് രാത്രിയിൽ മാലിന്യം തള്ളുന്നത്. മാലിന്യം കുന്നുകൂടി അസഹ്യമായ ദുർഗന്ധം വമിച്ചതോടെ ഇതുവഴിയുള്ള യാത്ര ദുസഹമായി. തുടർന്നാണ് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട് പൊലീസിന്റെ സഹായം തേടിയത്. മറ്റിടങ്ങളിലും ഇത്തരത്തിൽ ബോർഡുകളും നിരീക്ഷണ കാമറകളും സ്ഥാപിക്കുമെന്ന് പൊലീസ് പറഞ്ഞു. കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ അനിൽകുമാർ, അഞ്ചാലുംമൂട് എസ്.എച്ച്.ഒ അനിൽകുമാർ, എം.എം. നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് തൃക്കാട്ടിൽ, സെക്രട്ടറി സദാനന്ദൻ നായർ എന്നിവർ ബോർഡ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.