c
മുളങ്കാടകം ക്ഷേത്ര തീർത്ഥാടന ശാസ്ത്ര സമ്മേളനവും സമാപന സമീക്ഷയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. ജി.കെ. ശശിധരൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശാസ്ത്രലോകം മുൻ കാലങ്ങളിൽ വേദങ്ങളെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും ഇന്ന് വേദജ്ഞാനത്തെ അംഗീകരിക്കുകയാണെന്നും വേദങ്ങളിലെ ശാസ്ത്രീയതയുടെ നാലു ശതമാനം മാത്രമേ ആധുനിക ശാസ്ത്രത്തിന് ഉൾക്കൊള്ളാനായിട്ടുള്ളൂവെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. ജി.കെ. ശശിധരൻ പറഞ്ഞു. വിശ്വകർമ്മവേദ പഠന കേന്ദ്രം ധാർമ്മികസംഘം സംഘടിപ്പിച്ച പഞ്ചവേദ സദ്മ മുളങ്കാടകം ക്ഷേത്ര തീർത്ഥാടന ശാസ്ത്ര സമ്മേളനവും സമാപന സമീക്ഷയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര കണ്ടുപിടിത്തങ്ങൾ വേദങ്ങളിൽ അധിഷ്ഠിതമാണെന്നും നമ്മുടെ ശാസ്ത്രാപഗ്രഥനം വേദങ്ങളോട് വിമുഖത കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗം വി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രകാശാത്മ ആശീർവാദപ്രസംഗം നടത്തി. അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ജന. സെക്രട്ടറി വിജയൻ കെ. ഈരേഴ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. സോമശേഖരൻ, ആലുംപീടിക സുകുമാരൻ, പി. വിജയബാബു, പള്ളിക്കുടത്തിൽ ശിവപ്രസാദ്, പാലത്തുംപാട്ടിൽ ആർ. ശെൽവരാജ് ആചാര്യ, ആശ്രാമം സുനിൽകുമാർ എന്നിവർ സംസാരിച്ചു. പി. വാസുദേവൻ, സി.വി. അനിൽകുമാർ എന്നിവരെ വിശ്വസേവാപുരസ്കാരം നൽകി ആദരിച്ചു. ചലച്ചിത്രതാരം സ്നേഹ അനിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് ഗാനാഞ്ജലി അർപ്പിച്ചു. സമുദ്ര എസ്. അനിൽ, ആർച്ച, ശിവപ്രിയ, ഭാവനാ സുരേഷ്, ബീന ഉദയഭാനു എന്നിവരുടെ ഭക്തിഗാനമേളയും നടന്നു.