കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 35 കോടി രൂപ ചെലവിൽ ഗോവിന്ദമംഗലത്ത് സ്ഥാപിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി സഹകരണ ആശുപത്രിയായ കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ (കിസ്മാറ്റ്) ഓഹരി വിതരണത്തിന്റെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ഗോവിന്ദമംഗലം ശ്രേയസിൽ ശ്രീകുമാരനിൽ നിന്ന് ആദ്യ ഷെയറായി അഞ്ച് ലക്ഷം രൂപ എം.എൽ.എ ഏറ്റുവാങ്ങി.
ബാങ്കിന്റെ മുതൽ മുടക്കിന് പുറമെ പൊതുജനങ്ങളിൽ നിന്ന് ഓഹരി ഒന്നിന് 5000 രൂപ ക്രമത്തിലാണ് ഓഹരി മൂലധനം സമാഹരിക്കുന്നത്. കടയ്ക്കൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ ചേരുന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. പ്രതാപൻ സ്വാഗതം പറഞ്ഞു. ബാങ്കിന്റെ പരിധിയിലുള്ള ഗ്രന്ഥശാലകൾക്കുമുള്ള സഹായ വിതരണം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവനും ക്ലബുകൾക്കുള്ള സഹായ വിതരണം ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്കരനും നിർവഹിച്ചു.
നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് നടപ്പാക്കുന്ന കനകകതിർ പദ്ധതി പ്രകാരമുള്ള തുകയുടെ വിതരണം കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജുവും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് പുതുതായുള്ള പദ്ധതിയുടെ ഉദ്ഘാടനം കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് ഇ. നസീറാബീവിയും കനിവ് ചികിത്സാ ധനസഹായ വിതരണം ബ്ലോക്ക് പഞ്ചായത്തംഗം ഡി. ലില്ലിയും നിർവഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എം. നസീർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, കെ. മധു, ടി.എസ്. പ്രഫുല്ലഘോഷ്, പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.