കുണ്ടറ: ആലപ്പുഴ ചേപ്പാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച പെരുമ്പുഴ സൊസൈറ്റിമുക്ക് സ്വദേശി സുറൈനും മാതാപിതാക്കൾക്കും നാടിന്റെ അന്ത്യാഞ്ജലി.ചൊവ്വ ഉച്ചയ്ക്ക് ചേപ്പാടുണ്ടായ വാഹനാപകടത്തിൽ സൊസൈറ്റിമുക്ക് ഷാനി മൻസിലിൽ (കോടിയാട്ടു വീട്ടിൽ) തഴുത്തല മുസ്‌ലിം യു.പി സ്കൂൾ റിട്ട. അറബിക് അധ്യാപകൻ കൊച്ചുകുഞ്ഞ് (75), ഭാര്യ ലൈലാബീവി (64), മകൻ സുറൈൻ (ഷിബു 40) എന്നിവരാണ് മരിച്ചത്.
എറണാകുളത്ത് സുറൈൻ തുടങ്ങിയ മെഡിക്കൽ ഷോപ്പ് സന്ദർശിച്ചശേഷം പ്രസവം കഴിഞ്ഞ് തൊടുപുഴയിലെ വീട്ടിൽ വിശ്രമിക്കുന്ന സുറൈനിന്റെ ഭാര്യയെയും കുഞ്ഞിനെയും
കണ്ടു മടങ്ങാനായിരുന്നു മാതാപിതാക്കൾ മകനോടൊപ്പം യാത്രതിരിച്ചത്.
സൊസൈറ്റിമുക്കിലെ വീട്ടിൽ നിന്നും മൂവരും അടുത്ത ബന്ധു ജമാലുദീനും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുറൈന്റെ കാറിൽ യാത്ര പുറപ്പെട്ടത്. ചേപ്പാട് ഏവൂർ ജംഗ്ഷന് സമീപം തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റും കാറും കൂട്ടിയിടിക്കുകയായിരുന്നു.നാലു മണിയോടെ കൊച്ചുകുഞ്ഞും സുറൈനും മരിച്ച വിവരം ചേപ്പാട് പൊലീസാണ് ഫോണിലൂടെ സുറൈനിന്റെ സഹോദരനെ അറിയിച്ചത്. ഏഴു മണിയോടെ ലൈലാ ബീവിയും മരിച്ച വിവരം അറിഞ്ഞു.
ബന്ധുവായ പെരുമ്പുഴ ബീമാസ് റസിഡന്റ്‌സിൽ ജമാലുദ്ദീൻ (53) പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബസും കാറും നേർക്കുനേർ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർ സീറ്റിൽ കുടുങ്ങിയ സുറൈലിനെ ഹരിപ്പാട്ടുനിന്നുള്ള അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഹരിപ്പാട് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വിലാപയാത്രയായി 3.30 ഓടെ സൊസൈറ്റിമുക്ക് ഷാനി മൻസിലിൽ എത്തിച്ചു.
പൊതുദർശനത്തിനുവച്ച മൃതദേഹങ്ങളിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, മുൻ എം.പി. പി. രാജേന്ദ്രൻ, പ്രതാപവർമ്മ തമ്പാൻ, എ.ഷാനവാസ് ഖാൻ തുടങ്ങിവർ അന്ത്യോപചാരമർപ്പിച്ചു. വൈകിട്ട് 5ന് കുരീപ്പള്ളി തൈയ്ക്കാവുമുക്ക് മുസ്‌ലിം ജമാഅത്തിൽ കബറടക്കി.