photo

കരുനാഗപ്പള്ളി: ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവന്ന രാത്രി കാല പരിശോധനയിലാണ് ഫോർമാലിൻ കലർന്ന മത്സ്യം കണ്ടെത്തിയത്. കരുനാഗപ്പള്ളി പുതിയ കാവിനു സമീപത്തെ വഴിയോര കച്ചവട സ്ഥാപനത്തിലേയും കന്നേറ്റി പാലത്തിനു സമീപമുള്ള കച്ചവട കേന്ദ്രത്തിലുമാണ് വിഷാംശം കലർന്ന കിളിമീൻ കണ്ടെത്തിയത്.

മറ്റു മത്സ്യങ്ങളിൽ ഫോർമാലിന്റ അംശം കണ്ടെത്തിയില്ല. പിടിച്ചെടുത്ത കിളിമീൻ പിന്നീട് കുഴിച്ചുമൂടി. കമ്മിഷൻ ഏജന്റിൽ നിന്നും വാങ്ങിയ മത്സ്യത്തിലാണ് ഫോർമാലിൻ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കിളിമീനിൽ രാസപദാർത്ഥങ്ങൾ കലർത്തുന്നതായുള്ള നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഫുഡ് സേഫ്റ്റി വിഭാഗത്തിനു ലഭിച്ചത്. കരുനാഗപ്പള്ളി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ അഞ്ജു, കുന്നത്തൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ റസീമ എന്നിവർ പരിശോദധയ്ക്ക് നേതൃത്വം നൽകി.