c
എസ്.എം.പി പാലസ് റോഡിൽ ലോറി സ്റ്റാന്റിനു സമീപം നിർമ്മാണം നടക്കുന്ന കലുങ്ക്

കൊല്ലം: നഗരമദ്ധ്യത്തിൽ റോഡിന് കുറുകേയുള്ള കലുങ്ക് നിർമ്മാണം തടസപ്പെട്ടു. 110 കെ.വി വൈദ്യുതി കേബിൾ കടന്നു പോകുന്ന എസ്.എം.പി പാലസ് റോഡിൽ ലോറി സ്റ്റാൻഡിനു മുന്നിലെ കലുങ്കിന്റെ നിർമ്മാണമാണ് തടസപ്പെട്ടത്. കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗം, വൈദ്യുതി ബോർഡ് ട്രാൻസ്മിഷൻ വിഭാഗത്തിന്റെ നിർദേശം പാലിക്കാതെ പണി തുടങ്ങിയതാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കലുങ്കിന്റെ നിർമ്മാണം മുടങ്ങാൻ കാരണമെന്ന് അറിയുന്നു.

കടന്നു പോകുന്നത് 110 കെ.വി ലൈനായതിനാൽ പരിപൂർണ സുരക്ഷ ഉറപ്പാക്കി മാത്രമേ കലുങ്ക് നിർമ്മിക്കാവൂ എന്നതാണ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിലപാട്.

അടുത്ത കാലത്താണ് അയത്തിൽ സബ് സ്റ്റേഷനിൽ നിന്ന് കന്റോൺമെന്റ് വൈദ്യുതി സെക്ഷൻ ഓഫീസ് വളപ്പിലെ ജി.ഐ.എസ് സബ് സ്റ്റേഷനിലേക്കുള്ള 110 കെ.വി വൈദ്യുതി ഭൂഗർഭ കേബിൾ സ്ഥാപിച്ചത്. ടവറുകൾ സ്ഥാപിച്ച് നല്ല ഉയരത്തിൽ വലിക്കേണ്ട കമ്പിക്ക് പകരമായാണ് ഭൂഗർഭ കേബിൾ സ്ഥാപിച്ചത്. കരാറുകാരായ ചെന്നൈയിലെ സ്വകാര്യ കമ്പനിക്കാണ് അഞ്ചു വർഷത്തേക്ക് കേബിളിന്റെ പരിപാലനവും മേൽനോട്ടച്ചുമതലയും. എസ്.എം.പി പാലസിന് സമീപം ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ കെട്ടിടത്തിൽ നിന്നുള്ള വെള്ളവും മഴവെള്ളവും എസ്.എം.പി പാലസ് റോഡിലെ ഓടയിലൂടെ ഒഴുക്കി ലോറി സ്റ്റാന്റിനു മുന്നിൽ നിർമ്മിക്കുന്ന കലുങ്കിലൂടെ അലക്കുകുഴി കോളനിയിലേക്ക് എത്തിക്കാനാണ് പദ്ധതി.

ചെന്നൈയിലെ കമ്പനിയെ കാര്യം അറിയിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം എത്തിയ ശേഷം അവരുടെ മേൽനോട്ടത്തിൽ മാത്രമേ കേബിൾ ഭാഗത്തെ കലുങ്ക് പണി തുടരാവൂ.

എക്സിക്യൂട്ടീവ് എൻജിനിയർ, ട്രാൻസ്‌മിഷൻ വിഭാഗം, വൈദ്യുതി ബോർഡ്

വൈദ്യുതി ബോർഡിന്റെ അഭിപ്രായം മാനിച്ചില്ല

കലുങ്ക് നിർമ്മാണം തുടങ്ങുംമുമ്പ് വൈദ്യുതി ബോർഡിന്റെ അനുമതി കോർപ്പറേഷൻ അധികൃതർ വാങ്ങിയിരുന്നു. എന്നാൽ ചെന്നൈ കമ്പനിയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ കേബിൾ കടന്നുപോകുന്ന ഭാഗത്തെ കലുങ്കിന്റെ നിർമ്മാണ ജോലികൾ ചെയ്യാവൂ എന്ന് പ്രത്യേകം നിഷ്ക്കർഷിച്ചിരുന്നു. മുൻകരുതലും സുരക്ഷയും ഇല്ലാതെ കലുങ്ക് പണിതാൽ പിന്നീട് വൻദുരന്തത്തിന് വഴിവയ്ക്കുമെന്നാണ് ഇലക്ട്രിസിറ്റി അധികൃതരുടെ നിലപാട്. ഇത് വകവയ്ക്കാതെയാണ് കലുങ്ക് പണിക്കാർ ജെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിച്ചത്. ഇതറിഞ്ഞ വൈദ്യുതി ബോർഡ് അധികൃതർ പാഞ്ഞെത്തി നിർമ്മാണം നിറുത്തിവയ്പ്പിക്കുകയായിരുന്നു.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 69 ലക്ഷം രൂപ ചെലവിലാണ് കലുങ്ക് നിർമ്മിക്കുന്നത്

110 കെ.വി ലൈൻ

കടന്നു പോകുന്നത് 110 കെ.വി ലൈനായതിനാൽ പരിപൂർണ സുരക്ഷ ഉറപ്പാക്കി മാത്രമേ കലുങ്ക് നിർമ്മിക്കാവൂ എന്നതാണ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിലപാട്.