stratford
ജില്ലയിലെ അംഗൻവാടി വർക്കർമാർ മുതൽ ഹയർ സെക്കൻഡറി അദ്ധ്യാപകർ വരെയുള്ളവർക്കായി പോക്‌സോ നിയമ അവബോധം ലക്ഷ്യമാക്കി ജില്ലാ ലീഗൽ സർവീസസ് അതോറി​റ്റി നടപ്പാക്കുന്ന 'സ്​റ്റാർട്ട്' പദ്ധതി ഹൈക്കോടതി സീനിയർ ജസ്​റ്റിസ് സി.കെ. അബ്ദുൽ റഹിം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വ്യക്തിത്വ അവകാശ കടന്നുകയ​റ്റങ്ങൾക്കെതിരെ യുവതലമുറ പൊരുതണമെന്ന് കേരള ലീഗൽ സർവീസസ് അതോറി​റ്റി വർക്കിംഗ് ചെയർമാനും ഹൈക്കോടതി സീനിയർ ജസ്​റ്റിസുമായ സി.കെ. അബ്ദുൽ റഹിം പറഞ്ഞു. ജില്ലയിലെ അംഗൻവാടി വർക്കർമാർ മുതൽ ഹയർ സെക്കൻഡറി അദ്ധ്യാപകർ വരെയുള്ളവർക്കായി പോക്‌സോ നിയമ അവബോധം ലക്ഷ്യമാക്കി ജില്ലാ ലീഗൽ സർവീസസ് അതോറി​റ്റി നടപ്പാക്കുന്ന 'സ്​റ്റാർട്ട്' (സ്​റ്റുഡന്റ്സ് ടീച്ചേഴ്സ് അഫക്‌ഷണേ​റ്റ് ആൻഡ് റിലയബിൾ ടച്ച്) പദ്ധതി തേവലക്കര സ്ട്രാ​റ്റ്‌ഫോർഡ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികൾ സമൂഹത്തോട് പ്രതിബദ്ധതയുള്ള പൗരന്മാരായി മാറണം. അതിക്രമങ്ങളെ ചെറുക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ലീഗൽ സർവീസ് അതോറിറ്റികൾ വഴി ന്യായാധിപരടങ്ങുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്. ഇതിനായി സമൂഹത്തിൽ നേരിട്ടുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുമുള്ള അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മി​റ്റി ചെയർപേഴ്സൺ വി.എസ്. ബിന്ദുകുമാരി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സുബിത ചിറയ്ക്കൽ, വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ എസ്. ഗീതാകുമാരി, ചവറ ബാർ അസോസിയേഷൻ പ്രസിഡന്റ് ഷാജി പള്ളിപ്പാടൻ, സ്ട്രാ​റ്റ്‌ഫോർഡ് പബ്ലിക് സ്‌കൂൾ ചെയർമാൻ അസീസ് കളിയിലിൽ, പ്രിൻസിപ്പൽ വിജി വിനായക, ലീഗൽ സർവീസ് അതോറി​റ്റി ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ലീഗൽ സർവീസസ് അതോറി​റ്റി വഴി സ്‌കൂൾ കുട്ടിൾക്കായി 'ലാമ്പ്' പദ്ധതിയും നടപ്പാക്കി വരികയാണ്. ഇതുവരെ 60 ക്ലാസുകൾ നടത്തി. ക്ലാസുകൾക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെയും കൗൺസിലർമാരെയും ജസ്​റ്റിസ് അബ്ദുൽ റഹിം ആദരിച്ചു.