asramam
ആശ്രാമം മൈതാനം

കൊല്ലം: ആശ്രാമം മൈതാനം വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ വിട്ടുനൽകുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം മൈതാനത്തിന്റെ പരിപാലനത്തിനായി നീക്കിവയ്ക്കാൻ ആലോചന. ഇതിന് പ്രത്യേകാനുമതി തേടി ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് അപേക്ഷ സമർപ്പിച്ചു.

52 ഏക്കറാണ് മൈതാനത്തിന്റെ വിസ്തൃതി. മൈതാനത്തിന്റെ ഒരു സെന്റിന് ഒരു ദിവസത്തേക്ക് 77 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള വാടക. ഇത്തരത്തിൽ പ്രതിവർഷം 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് മൈതാനത്തിന്റെ വാടകയിനത്തിൽ സർക്കാരിന് ലഭിക്കുന്നത്. പി.എസ്.സി കായിക പരീക്ഷ, മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ്, സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്ന പരിപാടികൾ എന്നിവ മാത്രമാണ് വാടകയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

25 ശതമാനം തുക മൈതാനത്തിന്റെ പരിപാലനത്തിനായി അനുവദിച്ചാൽ പ്രതിവർഷം 20 മുതൽ 25 ലക്ഷം രൂപയുടെ വരെ വികസന പ്രവർത്തനങ്ങൾ മൈതാനത്ത് നടത്താനാകും. കളക്ടറുടെ അക്കൗണ്ടിലാകും ഈ പണം നിക്ഷേപിക്കുക. കളക്ടർ അദ്ധ്യക്ഷനായുള്ള സമിതിക്കാകും ഈ പണം ഉപയോഗിച്ചുള്ള വികസന, നവീകരണ പ്രവർത്തനങ്ങളുടെ ചുമതല.

 വിസ്തൃതി: 52 ഏക്കർ

 പ്രതിവർഷ വരുമാനം: 75 ലക്ഷം മുതൽ 1 കോടി രൂപ വരെ

 വാടക അടച്ചില്ല, കുടുംബശ്രീയുടെ അക്കൗണ്ട് മരവിപ്പിച്ചു

മൂന്ന് വർഷം മുമ്പ് സംഘടിപ്പിച്ച സരസ് മേളയ്ക്കായി ആശ്രാമം മൈതാനം ഉപയോഗിച്ചതിന്റെ വാടക അടയ്ക്കാത്തതിനാൽ റവന്യു റിക്കവറി നടപടികളുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആറ് ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. ഇപ്പോൾ പലിശ സഹിതം 9 ലക്ഷം രൂപയായിട്ടുണ്ട്. വാടക ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.