കൊല്ലം:കുട്ടികൾ മുത്തശ്ശിമാരുടെയും മുത്തച്ഛന്മാരുടെയും പാദങ്ങൾ താലത്തിൽ വച്ച് ജലാഭിഷേകം നടത്തി പൂവിട്ട് പൂജിച്ചു. പിന്നെ സാഷ്ടാംഗം പ്രണമിച്ച് ഈശ്വര വിഗ്രഹത്തിലെന്ന പോലെ പുഷ്പഹാരങ്ങൾ ചാർത്തി. മുത്തശ്ശിമാരുടെയും മുത്തച്ഛന്മാരുടെയും കണ്ണുകളിൽ സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. അവർ പേരക്കുട്ടികളെ നെഞ്ചോട് ചേർത്ത് ആലിംഗനം ചെയ്തു. കടയ്ക്കോട് കെ.എൻ. സത്യപാലൻ മെമ്മോറിയൽ ശ്രീനാരായണ സെൻട്രൽ സ്കൂളിലാണ് ആർഷഭാരത സംസ്കാരത്തിന്റെ പുണ്യം കുരുന്നുകൾ ഏറ്റുവാങ്ങിയത്.
സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് മുത്തശ്ശിമാരെയും മുത്തച്ഛന്മാരെയും രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ച് പാദപൂജ സംഘടിപ്പിച്ചത്. നേട്ടങ്ങൾ വെട്ടിപ്പിടിക്കാനുള്ള പരക്കം പാച്ചിലിനിടെ പ്രായമേറിയവരെ വൃദ്ധസദനങ്ങളിൽ തള്ളുന്ന കാലഘട്ടത്തിലാണ് കെ.എൻ. സത്യപാലൻ മെമ്മോറിയൽ ശ്രീനാരായണ സെൻട്രൽ സ്കൂൾ പുതിയ മാതൃക തീർത്തത്. പേരക്കുട്ടികളുടെ കൈപിടിച്ചാണ് മുത്തശ്ശിമാരും മുത്തച്ഛന്മാരും പാദപൂജയ്ക്ക് എത്തിയത്. പേരക്കുട്ടികൾ പാദം തൊട്ട് പ്രണമിച്ചപ്പോൾ പ്രായത്തിന്റെ അവശതകളെല്ലാം അവർ മറന്നു. ദേവാലയ സന്നിധിയിൽ എത്തിയ പ്രതീതി. എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കളെയും അവരുടെ അച്ഛനമ്മമാരെയും സംരക്ഷിക്കുകയും സ്നേഹിക്കുകയും വേണമെന്ന ചിന്ത കുഞ്ഞുഹൃദയങ്ങളിൽ നിറഞ്ഞു.
കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്. രാധാകൃഷ്ണൻ പാദപൂജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി. ജയറാണി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് ഡയറക്ടർ സതീഷ് സത്യപാലൻ, മാനേജർ ദിവ്യ സതീഷ്, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.