കൊല്ലം:കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നതു കാരണം ഏതാനും വർഷങ്ങൾ കഴിയുമ്പോൾ എറണാകുളം പോലുള്ള നഗരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ വിഭാഗം തലവൻ ഡോ.മുരളി തുമ്മാരുകുടി പറഞ്ഞു. ടി.കെ.എം എൻജിനിയറിംഗ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച 'കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം കേരളത്തിൽ' എന്ന ചർച്ചാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം നഗരത്തിൽ അടിയ്ക്കടി ദോഷഫലങ്ങൾക്കൊപ്പം അവസരങ്ങളും കാലാവസ്ഥാ മാറ്രം നൽകുന്നുണ്ട്. അടുത്ത ദശകങ്ങൾ സൗരോർജ്ജത്തിന്റെതായിരിക്കുമെന്നും വൈദ്യുതി സൗജന്യമായി ലഭിക്കുന്ന അവസ്ഥ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുക എന്നതാണ് കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ചെറുക്കാനും പശ്ചിമഘട്ട മലനിരകളെ രക്ഷിക്കാനും കേരളത്തിന്റെ മുന്നിലുള്ള ഏക വഴിയെന്ന് പി.ടി.തോമസ് എം.എൽ.എ അഭിപ്രായപ്പെട്ടു.
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഭരണാധികാരികൾ അവഗണിച്ചതാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണം. ഗാർഡ്ഗിൽ റിപ്പോർട്ട് ഇവിടെ നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തങ്ങൾ കുറയ്ക്കാനാകുമായിരുന്നു. നിർഭാഗ്യവശാൽ ഇത് ചർച്ച ചെയ്യാൻപോലും ഭരണാധികാരികൾ തയ്യാറായില്ല. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്തുവേണം വീടുകൾ നിർമ്മിക്കേണ്ടതെന്ന് കൊച്ചി പ്രോജക്ട് മാനേജ്‌മെന്റ് ആന്റ് യൂട്ടിലിറ്റീസ് ഇൻസ്പിറേഷൻ ഡയറക്ടർ ലതാ രാമൻ ജയ്‌ഗോപാൽ പറഞ്ഞു. കാലാവസ്ഥ ഇപ്പോൾ കൃത്യമായി പ്രവചിക്കാൻ കഴിയുന്നില്ലെന്ന് ചർച്ചയിൽ മോഡറേറ്ററായിരുന്ന കേരള വനഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി.സജീവ് പറഞ്ഞു. ഡോ.ജെ.ഉദയകുമാറും ചർച്ചയിൽ പങ്കെടുത്തു. ചർച്ചാ സമ്മേളനം ടി.കെ.എം.കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഷഹാൽ ഹസ്സൻ മുസലിയാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസലിയാർ വിശിഷ്ട വ്യക്തികൾക്ക് മൊമന്റോകൾ വിതരണം ചെയ്തു. ടി.കെ.എം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.എ.ഷാഹുൽ ഹമീദ് സ്വാഗതവും പ്രൊഫ. അമൽ ആസാദ് നന്ദിയും പറഞ്ഞു.