കരുനാഗപ്പള്ളി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റികിന് നിരോധനം നിലവിൽ വന്നതോടെ തുണി സഞ്ചി നിർമ്മാണവുമായി തഴവ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ്. മണപ്പള്ളി പതിനൊന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസ് കമ്മിറ്റിയാണ് ഗ്രാമപഞ്ചായത്തിന് ആവശ്യമായ തുണിസഞ്ചികൾ സൗജന്യമായി നിർമ്മിച്ച് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ഭാനുമതി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനിപൊൻ, പാവുമ്പ സുനിൽ, എ.ഡി.എസ് സെക്രട്ടറി വിജി, എ.ഡി.എസ് പ്രസിഡന്റ് ശ്രീവിദ്യ, ഷൈലജ, ശിശിരറാണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.