കൊല്ലം: പാരിപ്പള്ളി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജംഗ്ഷനിലെ നാല് ഭാഗത്തേക്കുള്ള സ്റ്റോപ്പുകളിലും ബസുകൾ പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
തീരെ വീതികുറഞ്ഞ പരവൂർ റോഡിലും മടത്തറ റോഡിലും ജംഗ്ഷന്റെ ഹൃദയഭാഗത്ത് തന്നെയാണ് ബസ് സ്റ്റോപ്പ്. ഇവിടങ്ങൾക്ക് പുറമെ തിരുവനന്തപുരം, വർക്കല ഭാഗങ്ങളിലേക്കും കൊല്ലത്തേക്കുമുള്ള ബസുകൾ പുറപ്പെടുന്നതിന് ഏറെ സമയത്തിന് മുമ്പേ സ്റ്റോപ്പിൽ പിടിക്കും. ബസുകളുടെ നിര നീളുന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത അവസ്ഥ രൂപപ്പെടുന്നതിന് പുറമെ കാൽനടയും അസാദ്ധ്യമാകും. കൊല്ലത്തേക്കുള്ള ബസ് സ്റ്റാൻഡിന് എതിർവശത്ത് കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതും കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ബസ് സ്റ്റാൻഡ് നിലവിൽ വരുന്നതോടെ സ്റ്റോപ്പുകളിൽ ബസുകൾ അധികനേരം പാർക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന കുരുക്ക് ഒഴിവാകും. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും വിശ്രമിക്കാനുമുള്ള ഇടവുമാകും. ജംഗ്ഷനോട് ചേർന്ന് ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ അനുയോജ്യമായ പൊതുഭൂമി ഇല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.