എഴുകോൺ: കശുഅണ്ടി കോർപ്പറേഷൻ ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്നത് കഴിഞ്ഞ സർക്കാർ വരുത്തിവച്ച വൻ കട ബാദ്ധ്യതയായിരുന്നുവെന്ന് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. സർവീസ് പൂർത്തിയാക്കി പിരിഞ്ഞു പോകുന്ന തൊഴിലാളികൾക്ക് യാത്രഅയപ്പ് നൽകുന്നതിൻറെ കേന്ദ്രീകൃത ഉദ്ഘാടനം എഴുകോൺ ചീരങ്കാവ് പരുത്തൻപാറ ഫാക്ടറിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജോലി നൽകുന്നതിനൊപ്പം വൻ കടബാദ്ധ്യത കൂടി തീർക്കേണ്ട അവസ്ഥയെയാണ് ഇപ്പോഴും. യു.ഡി.എഫ് ഭരണ കാലത്ത് തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പി.എഫ് ഇനങ്ങളിൽ വരുത്തിവച്ചതും ബാങ്കുകൾക്ക് നൽകാനുള്ളതുമായ ബാദ്ധ്യത കൂടി ഈ ബോർഡിന് ഏറ്റെടുക്കേണ്ടി വന്നു. 69 കോടിയോളം രൂപയാണ് ഗ്രാറ്റുവിറ്റി കുടിശിക ഉണ്ടായിരുന്നത്. 6.25 കോടി രൂപ പി.എഫിൽ അടയ്ക്കാൻ ഉണ്ടായിരുന്നത് ഘട്ടങ്ങളായി നൽകി വരികയാണ്. ഇതിനു പുറമേ 20 ഫാക്ടറികൾ വിലയ്ക്കു വാങ്ങുന്നതിന് 70 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് സ്ഥാപനത്തിന്റെ വകയായി ഉപഹാരം നൽകുന്ന നടപടി കൂടി ഇക്കൊല്ലം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ജി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഓമനക്കുട്ടൻ, എൻ. പങ്കജരാജൻ, പി.എം. അജിത്ത്, എ.പി.എം. ഗോപകുമാർ, ഫാക്ടറി മാനേജർ വിക്രമൻപിള്ള തുടങ്ങിയവർ സംസാരിച്ചു.