prathikal
പിടിയിലായ പ്രതികൾ

ഓച്ചിറ: കഴിഞ്ഞ ദിവസം ചന്ദനക്കടത്തിന് പിടിയിലായ പ്രതികളുമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി. ഓച്ചിറ ചങ്ങൻകുളങ്ങര എസ്.എൻ മൻസിലിൽ അനസ് (32), മൈനാഗപ്പള്ളി കടപ്പ നെടിയവിള കിഴക്കതിൽ ഷാജി (32) എന്നിവരാണ് പിടിയിലായത്. ഇരുന്നൂറു കിലോ വരുന്ന ചന്ദന മുട്ടികളാണ് ഇവർ ഒളിപ്പിച്ചിരുന്നത്.

പുതുവൽസര ആഘോഷം കണക്കിലെടുത്ത് രാത്രിയിൽ ഓച്ചിറ സി.എെ പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ചോദ്യം ചെയ്യലിലാണ് ചന്ദനമരം കടത്തിന്റെ വിവരം ഇവർ വെളിപ്പെടുത്തിയത്.

കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി അശാസിന്റെ വീട്ടുവളപ്പിലെ ചന്ദനമരം വിലകൊടുത്ത് വാങ്ങി ഹരിപ്പാട് മണ്ണാറശാല കളത്തിങ്ങൽ ചിറയിൽ രാഹുലിന്റെ വീട്ടിൽ സൂക്ഷിച്ചശേഷം തിരികെ വരുപ്പോഴാണ് പ്രതികൾ പിടിയിലായത്. തുടർന്ന് രാത്രിതന്നെ പൊലീസ് അവിടെ എത്തി ചന്ദനം പിടിച്ചെടുത്തു. ചന്ദനം മുറിച്ച് ഉരുളുകളായാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് പ്രതികളെ ഫോറസ്റ്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു. കോന്നി ഫോറസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.എൻ. സുരേഷ്, ബി. വിനോജ്, ബീറ്റ് ഓഫീസർമാരായ സജിനി, ശ്യാമിലി, നിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചന്ദനമരം നിന്ന സ്ഥലത്തും സൂക്ഷിച്ച സ്ഥലത്തും മറ്റും തെളിവെടുപ്പ് നടത്തിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.