photo
ഉദ്ഘാടനത്തിനൊരുങ്ങിയ പുത്തൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം

കൊട്ടാരക്കര: കാത്തിരിപ്പിനൊടുവിൽ പുത്തൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച കെട്ടിടം നാളെ നാടിന് സമർപ്പിക്കും. വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. 2010ൽ പ്രവർത്തനം തുടങ്ങിയ പുത്തൂർ പൊലീസ് സ്റ്റേഷന് മതിയായ സൗകര്യങ്ങളോടെയുള്ള സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമായത് ഇപ്പോഴാണ്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേ ചന്തയിലെ ചെറിയ കെട്ടിടങ്ങളിലായിട്ടാണ് ഇത്രകാലവും സ്റ്റേഷൻ പ്രവർത്തിച്ചത്. മത്സ്യ വിപണനത്തിന് നിമ്മിച്ച സ്റ്റാളുകളുൾപ്പടെയാണ് സ്റ്റേഷന് വേണ്ടി അന്ന് നൽകിയത്.

അസൗകര്യങ്ങൾക്കിടയിൽ വീർപ്പുമുട്ടിയ സ്റ്റേഷന് സ്വന്തം കെട്ടിടം നിർമ്മിക്കുമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് യാഥാർത്ഥ്യമാകാൻ കാലങ്ങൾ വേണ്ടിവന്നു.

2016 ആഗസ്റ്റ് 17ന് സ്റ്റേഷൻ പ്രവർത്തിച്ചുവന്ന കെട്ടിടമുൾപ്പെടുന്ന 25 സെന്റ് ഭൂമി നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ആഭ്യന്തര വകുപ്പിന് കൈമാറി. തുടർന്ന് പി. ഐഷാപോറ്റി എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. 2018 ജനുവരി 28ന് ആയിരുന്നു ശിലാസ്ഥാപന ചടങ്ങുകൾ. ആറ് മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ടെങ്കിലും ഇപ്പോഴാണ് പൂർണ്ണമായും ഉദ്ഘാടനത്തിന് സജ്ജമായത്.

സൗകര്യങ്ങൾ ഏറെ

ഒറ്റ നിലയിൽ 3400 ചതുരശ്ര അടി വിസ്തീർണമുള്ള മനോഹരമായ കെട്ടിടമാണ് സ്റ്റേഷനായി നിർമ്മിച്ചത്. സി.ഐ, എസ്.ഐമാർക്ക് പ്രത്യേകം മുറികൾ, കേസ് അന്വേഷണ വിഭാഗം, റെക്കാഡ് റൂം, ഇന്റർനെറ്റ് സംവിധാനം, കമ്പ്യൂട്ടർ റൂം, പുരുഷ- വനിതാ സേനാംഗങ്ങൾക്ക് പ്രത്യേക വിശ്രമ മുറികൾ, സന്ദർശക മുറി, എല്ലാ മുറികളിലും ശൗചാലയങ്ങൾ, ശിശു സൗഹൃദ സ്റ്റേഷൻ, അംഗപരിമിതർക്ക് ഉപയോഗിക്കാവുന്ന ശുചിമുറി, മുതിർന്ന പൗരൻമാർക്കുള്ള വിശ്രമകേന്ദ്രം, ലോക്കപ്പ് മുറി എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.

മുഖ്യമന്ത്രി ഇല്ലെങ്കിലും ചടങ്ങ് കെങ്കേമം

ഉച്ചയ്ക്ക് 1.30ന് ചേരിയിൽ ക്ഷേത്രത്തിന് സമീപത്തുനിന്ന് ഘോഷയാത്രയോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമിടുന്നത്. 2ന് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. 3നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. പി.ഐഷാപോറ്റി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സോമപ്രസാദ്, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ, ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗരുഡിൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. റൂറൽ എസ്.പി ഹരിശങ്കർ സ്വാഗതവും ഡിവൈ.എസ്.പി എസ്. നാസറുദ്ദീൻ നന്ദിയും പറയും. സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു.