a

കൊല്ലം: ദേശീയപാതയിൽ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി ബൈക്ക് നിർത്താതെ പോയി. അതുവഴി കടന്നുവന്ന ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഗുരുതരമായി പരിക്കേറ്റ കാൽ നടയാത്രക്കാരനെ ടാക്സിയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. കാവനാട് കൈരളി നഗർ-265 അനശ്വരയിൽ സുകുമാരനാണ് (60) അപകടത്തിൽപ്പെട്ടത്. 12.50ഓടെ ദേശീയപാതയിൽ രാമൻകുളങ്ങര ജംഗ്ഷനിലായിരുന്നു സംഭവം. വഴിയാത്രക്കാർ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോഴാണ് കളക്ടർ രക്ഷകനായെത്തിയത്. തൊട്ടുപിന്നാലെ എത്തിയ ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ സുകുമാരന് പ്രാഥമിക ചികിത്സ നൽകി. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടിച്ചു വീഴ്ത്തിയ ബൈക്ക് നിറുത്താതെ പോയെങ്കിലും നമ്പർ പ്ലേറ്റ് ഇളകി റോഡിൽ വീണിരുന്നു. ബൈക്കിന്റെ ഉടമയെ കണ്ടെത്തിയെങ്കിലും അയാളുടെ സുഹൃത്തായ യുവാവാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. ബൈക്ക് ഓടിച്ചിരുന്ന യുവാവ് പിന്നീട് ശക്തികുളങ്ങര സ്റ്റേഷനിൽ ഹാജരായി. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞാണ് താൻ അമിതവേഗത്തിൽ പോയതെന്നാണ് യുവാവിന്റെ വിശദീകരണം.