paqrisodahana
പൊലീസ്,​ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടമൺ ആയിരവല്ലി ശിവക്ഷേത്ര വളപ്പിൽ പരിശോധന നടത്തുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം 480-ാം നമ്പർ ഇടമൺ പടിഞ്ഞാറ് ശാഖയിലെ ഇടമൺ ആയിരവല്ലി ശിവക്ഷേത്ര വളപ്പിൽ നിന്ന് സ്ഫോടക വസ്തുവും ചത്ത കാട്ടുപന്നിയെയും വീണ്ടും കണ്ടെടുത്തു. ഇന്നലെ രാവിലെ വനപാലകരുടെയും, തെന്മല പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്‌തു കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 8 മണിയോടെ ക്ഷേത്രത്തിന് സമീപത്തെ കാവിൽ ഉഗ്രസ്ഫോടനം ഉണ്ടായിരുന്നു. ശബ്ദം കേട്ട് ശാഖാ ഭാരവാഹികളും നാട്ടുകാരും കാവിന് സമീപം എത്തിയെങ്കിലും ആരും ഭയന്ന് കാവിൽ ഇറങ്ങി പരിശോധന നടത്താൻ തയാറായില്ല.

തെന്മല പൊലീസിനെയും വനപാലകരെയും വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയെ കൊല്ലാൻ കാവിനുള്ളിൽ വച്ച പന്നിപ്പടക്കവും പന്നിയുടെ ശരീരവും കണ്ടത്. ഞായറാഴ്ച രാത്രി 7.30 ഓടെ ക്ഷേത്രത്തിന് സീപത്തെ ക്ഷേത്രം വക റബർ തോട്ടത്തിലും ഉഗ്ര സ്ഫോടനം ഉണ്ടായിരുന്നു. രാത്രിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പന്നിപ്പടക്കവും ചത്ത കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. പിറ്റേന്ന് രാവിലെ നടത്തിയ പരിശോധനയിലും മൂന്ന് പടക്കങ്ങൾ കണ്ടെത്തി.

സംഭവത്തെ തുടർന്ന് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുളള സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ കോപ്പിയും പരിശോധനയ്ക്കായി ശേഖരിച്ചു. എന്നാൽ ഇതിന്റെ അന്വേഷണവും എങ്ങും എത്തിയില്ല. ഇതിനിടെ വീണ്ടും ഉണ്ടായ സ്ഫോടനം കാരണം ഭക്തജനങ്ങൾ ഭീതിയിലാണ്.