കൊല്ലം: ജനുവരി ഒന്നിന് നിലവിൽ വന്ന പ്ലാസ്റ്റിക് നിരോധനത്തോട് വ്യാപാരികളും വ്യവസായികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു. പരിശോധനയ്ക്ക് എത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജില്ലാതലത്തിലെയും ഉദ്യോഗസ്ഥരോട് സഹകരിക്കണം.
പ്ലാസ്റ്റിക് മാലിന്യം വർധിക്കുകയും അത് പ്രകൃതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. പ്രതിദിനം 3,000 മുതൽ 10,000 വരെ തുണിസഞ്ചികൾ നിർമിക്കാവുന്ന ആധുനിക മെഷീനുകളോടുകൂടിയ യൂണിറ്റുകൾ വഴി ജില്ലയിൽ ബദൽ മാർഗങ്ങൾ സ്വീകരിച്ചു തുടങ്ങി. പ്രതിദിനം 25,000 തുണിസഞ്ചിവരെ നിർമിച്ച് നൽകാൻ ശേഷിയുള്ള രണ്ട് അപ്പാരൽ പാർക്കുകൾ കുടുംബശീ മിഷൻ സജ്ജമാക്കിയിട്ടുണ്ട്. തുണിസഞ്ചി കൂടാതെ പേപ്പർ ക്യാരിബാഗുകളും നിർമിക്കും. കച്ചവട സ്ഥാപനങ്ങളും വ്യാപാരികളും ആവശ്യപ്പെട്ടാൽ സ്ഥാപനത്തിന്റെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ന്യായമായ വിലയ്ക്ക് പ്രിന്റ് ചെയ്ത് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രകൃതി സൗഹൃദ ബാഗുകൾക്ക് കുടുംബശ്രീ ജില്ലാ മിഷനെ സമീപിക്കണമെന്ന് കലക്ടർ അറിയിച്ചു.