ഓയൂർ: അമ്പലംകുന്ന് വാളിയോട് വടക്കതിൽ വീട്ടിൽ വിജയരാഘവന്റെ കളീലിന് തീപിടിച്ച് കളീലും തടി ഉരുപ്പടികളും കത്തി നശിച്ചു, പശുവിന് പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. കളീലിനോട് ചേർന്നുള്ള പുകപ്പുരയിലെ റബർ ഷീറ്രുകളിൽ നിന്നും തീപടർന്നാണ് കളീൽ കത്തി നശിച്ചത്. കളീലിൽ കെട്ടിയിരുന്ന പശുവിനാണ് പൊള്ളലേറ്റത്. പുതിയ വീട് നിർമ്മിക്കുന്നതിനായി കളീലിൽ ഒരുക്കി വച്ചിരുന്ന തടി ഉരുപ്പടികളും കത്തിനശിച്ചു. പൂയപ്പള്ളി പൊലീസും കൊട്ടാരക്കരയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.