കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് മംഗലശ്ശേരിൽ വീട് തീപിടിച്ച് കത്തി നശിച്ചു. കോഴിക്കോട് മേക്ക് മംഗലശ്ശേരിൽ കിഴക്കതിൽ ഗീതയുടെ പലക അടിച്ച് ഷീറ്റ് പാകിയ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. വീട്ടിൽ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് സംശയം. നാട്ടുകാർ ഓടിക്കൂടി തീഅണയ്ക്കാൻ ശ്രമച്ചെങ്കിലും തീ പടർന്ന് പിടിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വികലാംഗയായ ഗീത അടുത്ത വീട്ടിൽ ടി.വി കാണാൻ പോയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. വൈദ്യുതി ഭവനിൽ നിന്നും ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.