c
ചന്ദനമരം വളർത്താം; വിറ്റാൽ അകത്താകും

തൊടിയൂർ (കരുനാഗപ്പള്ളി): വീട്ടുവളപ്പിലോ പൊതുസ്ഥലത്തോ, സ്ഥാപന വളപ്പിലോ ചന്ദനമരം നട്ടു വളർത്താം. പക്ഷെ, സംരക്ഷിക്കുക ഏറെ ബുദ്ധിമുട്ടാണ്. കാരണം, ചന്ദനക്കള്ളന്മാരുടെ കണ്ണ് എവിടെയും എത്തും. ഇരുട്ടിവെളുക്കും മുമ്പ് ആട് കിടന്നിടത്ത് പൂടപോലും കാണില്ലെന്ന മട്ടിൽ മരം മൂടോടെ കടത്തിയിരിക്കും. എന്നാൽ കള്ളന്മാർ കൊണ്ടുപോകാതെ വെട്ടി വിൽക്കാമെന്ന് കരുതിയാലോ, ഉടമ അകത്തായതുതന്നെ. നിയമം സംബന്ധിച്ച അജ്ഞതയാണ് പ്രധാന കാരണം.
കഴിഞ്ഞദിവസം കരുനാഗപ്പള്ളി കല്ലേലിഭാഗത്തെ ഒരു വീട്ടുടമയ്ക്കുണ്ടായ ദുരനുഭവം അത്തരത്തിലൊന്നാണ്. വീട്ടുവളപ്പിലെ പാഴ്‌മരങ്ങൾ വാങ്ങാനെത്തിയ രണ്ടു യുവാക്കൾക്ക് ചന്ദനമരം ഉൾപ്പടെ അഞ്ചു മരങ്ങൾ 15,000 രൂപയ്ക്ക് വിറ്റു. മറ്റു മരങ്ങൾ മുറിക്കും മുമ്പ് പത്ത് വർഷം പ്രായമുള്ള ചന്ദനമരം കഷ്ണങ്ങളാക്കി അവർ കൊണ്ടുപോയി.
ചന്ദനമുട്ടികൾ അവർ മണ്ണാറശാലയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. സംശയകരമായി കണ്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ചന്ദനഗന്ധം മണത്ത് യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ചന്ദനക്കടത്തിനെപ്പറ്റി അറിഞ്ഞതും മണ്ണാറശാലയിലെ വീട്ടിൽ നിന്ന് 33ചന്ദനമുട്ടികൾ പിടിച്ചെടുത്തതും.

പിന്നീട് സംഭവിച്ചത്


ചന്ദനമരം വാങ്ങിയ യുവാക്കളുമായി ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ കല്ലേലിഭാഗത്തെ വീട്ടിലെത്തുന്നു. പൊലീസിനെ കണ്ട വീട്ടുകാർ അമ്പരന്നു. മുറിച്ചെടുത്ത ചന്ദനമരത്തിന്റെ കുറ്റിയും മറ്റും പരിശോധിച്ച ഉദ്യോഗസ്ഥർ വീട്ടുടമയോട് കാര്യം തിരക്കി. പ്രവാസിയായ വീട്ടുടമ തങ്ങൾക്ക് നിയമം അറിയില്ലായിരുന്നുവെന്ന് പറഞ്ഞെങ്കിലും ഫോറസ്റ്റ് അധികൃതർ ഗൃഹനാഥനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു കോന്നിയിലേക്ക് കൊണ്ടുപോയി. കേസെടുത്ത ശേഷം രാത്രി വൈകി ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.


ചന്ദനമരം വളർത്തുന്നവർ സൂക്ഷിക്കുക

ചന്ദനമരം വളർത്താൻ അനുമതിയുണ്ടെങ്കിലും മുറിച്ചെടുക്കാനോ വിൽക്കാനോ അവകാശമില്ല. വിൽക്കണമെങ്കിലും മുറിക്കണമെങ്കിലും ഫോറസ്റ്റ് അധികൃതർക്ക് അപേക്ഷ നൽകണം.
അവരെത്തി മരം മുറിച്ച് വേരുൾപ്പെടെയുള്ള ഭാഗങ്ങൾ ശേഖരിക്കും. കൃത്യമായ തൂക്കം രേഖപ്പെടുത്തി ഉടമയ്ക്ക് രസീത് നൽകും. തുടർന്ന് ചന്ദനം മറയൂരിലെ സംസ്ക്കരണ ശാലയിലെത്തിക്കും. അവിടെ തരം തിരിച്ച് ലേലം ചെയ്യും. വിറ്റുകിട്ടുന്ന വിലയുടെ 60 ശതമാനം ഉടമയ്ക്ക് നൽകും. 40 ശതമാനം വനം വകുപ്പിനുള്ളതാണ്. ഉടമയ്ക്ക് വില ലഭിക്കാൻ ഒരു വർഷംവരെ കാത്തിരിക്കേണ്ടി വരും. മരം ചന്ദനക്കള്ളന്മാർ കൊണ്ടുപോയാൽ ഉടൻ പൊലീസിൽ അറിയിക്കണം.