പുനലൂർ: എസ്.എൻ.ഡി.പി യോഗം 480-ാം നമ്പർ ഇടമൺ പടിഞ്ഞാറ് ശാഖയിലെ ഇടമൺ ആയിരവല്ലി ശിവക്ഷേത്ര വളപ്പിൽ തുടർച്ചയായി സ്ഫോടനം ഉണ്ടാകുന്നത് കണക്കിലെടുത്ത് ബോംബ്, ഡോഗ് സ്ക്വാഡുകളും വിരലടയാള വിദഗ്ദ്ധരും സംയുക്ത പരിശോധന നടത്തി. തെന്മല പൊലീസിന്റെയും വനപാലകരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്നലെ രാവിലെ 11ന് എത്തിയ സംഘം ഉച്ചയ്ക്ക് ശേഷമാണ് മടങ്ങിയത്.
ക്ഷേത്രവളപ്പിലെ കാവിനുള്ളിൽ നിന്നാണ് വ്യാഴാഴ്ച സ്ഫോടക വസ്തുവും ചത്ത കാട്ടുപന്നിയെയും വനപാലകരും, പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. ഇത് കണക്കിലെടുത്താണ് ഇന്നലെ വിദഗ്ദ്ധ സംഘം കാവിനുളളിൽ ഇറങ്ങി പരിശോധനകൾ നടത്തിയത്. സ്ഫോടക വസ്തു പരിശോധിച്ച ശേഷം നിർവീര്യമാക്കി.
ബുധനാഴ്ച രാത്രി 8 മണിയോടെയായിരുന്നു കാവിനുള്ളിൽ സ്ഫോടനം ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30ഓടെ ക്ഷേത്രവളപ്പിലെ റബർതോട്ടത്തിലും സ്ഫോടനം ഉണ്ടായിരുന്നു. തുടർന്ന് പൊലിസും, വനപാലകരും ചേർന്ന് രണ്ട് ദിവസമായി നടത്തിയ പരിശോധനിയിൽ ആറ് സ്ഫോടകവസ്തുവും ചത്ത ഒരു കാട്ടു പന്നിയേയും കണ്ടെത്തിയിരുന്നു. അന്നും ബോംബ്, ഡോഗ് സ്ക്വാഡുകളും, ഫിഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർച്ചയായി ക്ഷേത്ര വളപ്പിൽ സ്ഫോടനം ഉണ്ടാകുന്നത് ഭക്തരെ ഭീതിയിലാക്കിയിരിക്കുകയാണ്.