gold
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു. ബി. പ്രേമാനന്ദ്, നവാസ് പുത്തൻവീട്, എസ്. പളനി, എസ്. സാദിഖ് എന്നിവർ സമീപം.

കൊല്ലം: വാറ്റ് കാലഘട്ടത്തിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പുതിയ ബഡ്ജറ്റിൽ ഭേദഗതി ചെയ്യണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
പരിശോധനയിൽ കണ്ടുപിടിച്ച ക്രമക്കേടിൽ മാത്രമായിരിക്കണം പിഴ ചുമത്തേണ്ടത്. 10000 രൂപയുടെ പിശക് കണ്ടെത്തിയാൽ കഴിഞ്ഞ മൂന്നുവർഷം ഇതുപോലെയാണ് കച്ചവടം നടന്നതെന്ന അനുമാനത്തിൽ ഒരു കോടി രൂപയുടെ നികുതിയും പിഴയും പിഴപ്പലിശയും അടയ്ക്കണമെന്ന നോട്ടീസുകൾ അയച്ചു കച്ചവടക്കാരെ പീഡിപ്പിക്കുന്നത് ഒഴിവാക്കണമെന്നും യാഥാർത്ഥ്യബോധത്തോടെ ധനമന്ത്രി ഇതിനെ സമീപിക്കണമെന്നും ജില്ലാകമ്മിറ്റി അഭ്യർത്ഥിച്ചു. ഡിമാൻഡ് നോട്ടീസുകൾക്ക് അപ്പീൽ നൽകുന്നതിന് ഒരിക്കലും തിരിച്ചു നൽകാത്ത കോടികൾ പിരിച്ചെടുക്കുന്ന ലീഗൽ ബെനിഫിറ്റ് സ്‌കീം റദ്ദാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജി. എസ് .ടി കാലഘട്ടത്തിലും വാറ്റ് കാലത്തെപ്പോലെ നികുതികൾ സ്വർണ വ്യാപാരികൾ അടയ്ക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നും, കള്ളക്കടത്ത് സ്വർണം വിപണിയിൽ പിടിമുറുക്കിയതായും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് എസ്.അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ജില്ലാ ട്രഷറർ എസ്. പളനി, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സാദിക് ഓയൂർ, ജയചന്ദ്രൻ പള്ളിഅമ്പലം, നാസർ പോച്ചയിൽ, സാബു പവിത്രം,
ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ പുനലൂർ, സെക്രട്ടറി സജീബ് ന്യൂ ഫാഷൻ, കൃഷ്ണദാസ്, ഹനീഫ ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.