ശാസ്താംകോട്ട: കെ.ഐ.പി കനാലിന്റെ കുന്നത്തൂർ താലൂക്കിലെ വിവിധ ഭാഗങ്ങൾ മാലിന്യംകൊണ്ട് നിറഞ്ഞിട്ടും അധികാരികൾ നിസംഗത തുടരുന്നതായി പരാതി. വേനലാവുന്നതോടെ കുടിവെള്ളത്തിനായി കല്ലടയാറ്റിൽ നിന്ന് ശാസ്താംകോട്ട ജല ശുദ്ധീകരണ ശാലയിൽ ജലം എത്തിക്കുന്ന കനാലാണ് മാലിന്യകൂമ്പാരമായത്.
കഴിഞ്ഞ വേനലിൽ വെള്ളം ഒഴുക്കിവിട്ടപ്പോൾ കനാലിലൂടെ മൃഗങ്ങളുടെ അഴുകിയ ശരീരഭാഗങ്ങൾ അടക്കം ഒഴുകി വന്നിരുന്നു. മാലിന്യം നീക്കം ചെയ്യാതിരുന്നാൽ ഇത്തവണയും അത് ആവർത്തിക്കുമെന്നാണ് ജനങ്ങൾ ഭയപ്പെടുന്നത്.ഡിസംബർ പകുതിയോടെ പല പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനും കൊല്ലത്തിന്റെ പ്രധാന ജല സ്രോതസായ ശാസ്താംകോട്ട തടാകത്തെ അമിതമായി ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനും ഇത്തവണ നേരഞ്ഞെ കനാൽ തുറന്നു വിടേണ്ട സാഹചര്യമാണ്.
കുന്നത്തൂർ താലൂക്കിന്റെ പല ഭാഗത്തും കെ.എ.പി കനാലിൽ അറവു മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായും നാട്ടുകാർ പരാതി പറയുന്നു. പല ഭാഗത്തും മാലിന്യ നിക്ഷേപിക്കുന്നത് വിലക്കിയുള്ള ബോർഡുകൾ സ്ഥാപിച്ചതോടെ അധികൃതർ പിന്നെ ഈ ഭാഗങ്ങളിലേക്ക് തിരിഞ്ഞ് നോക്കാറേ ഇല്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.