c
മൾട്ടി ലെവൽ പാർക്കിംഗ് ടവർ നിർമ്മാണ കരാർ രണ്ടാഴ്ചയ്ക്കകം

 ഒരേ സമയം 224 കാറുകൾ പാർക്ക് ചെയ്യാം

 7 നിലകൾ

 ചെലവ് 10.91 കോടി

 ഭൂമി പാട്ടത്തിന് ആവശ്യപ്പെട്ട് കളക്ടർക്ക് അപേക്ഷ നൽകി

കൊല്ലം: റെയിൽവെ സ്റ്റേഷന് സമീപം അലക്കുഴി കോളനി സ്ഥിതി ചെയ്തിരുന്നിടത്ത് ലക്ഷ്യമിടുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിന്റെ നിർമ്മാണ കരാ‌ർ രണ്ടാഴ്ചയ്ക്കുള്ളിൽ ഒപ്പിടും. അടുത്തയാഴ്ച ചേരുന്ന അമൃത് ഉന്നതാധികാര സമിതി യോഗത്തിലാണ് പദ്ധതിയുടെ ടെണ്ടറിന് അംഗീകാരം നൽകുന്നത്. തൊട്ടടുത്ത ആഴ്ച തന്നെ നിർമ്മാണ ഏജൻസിയുമായി കരാറൊപ്പിടുമെന്നാണ് ലഭിക്കുന്ന വിവരം.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 10.91 കോടി ചെലവിലാണ് പാർക്കിംഗ് ടവർ നിർമ്മിക്കുന്നത്. ഏഴ് നിലകളുള്ള പാർക്കിംഗ് ടവറിൽ ഒരേസമയം 224 കാറുകൾ പാർക്ക് ചെയ്യാം. അഞ്ച് ബ്ലോക്കുകളായാകും പാർക്കിംഗ് സൗകര്യം. പാർക്കിംഗ് സമയത്തിന് ആനുപാതികമായിട്ടാകും ഫീസ്. റെയിൽവെ സ്റ്റേഷനിൽ വേണ്ടത്ര പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ ഭൂരിഭാഗം വാഹനങ്ങളും റോഡ് വക്കിലാണ് ഇപ്പോൾ പാർക്ക് ചെയ്യുന്നത്. സമീപത്തെ കച്ചവട സ്ഥാപനങ്ങളുടെ സ്ഥിതിയും സമാനമാണ്. അനധികൃത പാർക്കിംഗ് കാരണം ഈ ഭാഗത്ത് അപകടങ്ങളും പതിവാണ്.

സ്ഥലം നഗരസഭയ്ക്ക് കൈമാറിയില്ല

അലക്കുകുഴി കോളനി സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമിയിലാണ് ടവർ നിർമ്മിക്കാനുദ്ദേശിക്കുന്നത്. ഈ സ്ഥലം ഇതുവരെ നഗരസഭയ്ക്ക് കൈമാറിയിട്ടില്ല. നാല് വർഷം മുൻപ് പദ്ധതി തയ്യാറാക്കിയപ്പോൾ തന്നെ ഭൂമി പാട്ടത്തിനാവശ്യപ്പെട്ട് നഗരസഭ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. പുനരധിവാസം പൂർത്തിയായ ശേഷം ഭൂമി കൈമാറാമെന്നാണ് അന്നുണ്ടായ ധാരണ. മൂന്ന് മാസം മുൻപ് അലക്കുകുഴിയിൽ താമസിച്ചിരുന്ന 21 കുടുംബങ്ങളെ മുണ്ടയ്ക്കലിൽ പുതിയ ഫ്ലാറ്റുകൾ നിർമ്മിച്ച് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതിന് ശേഷം 99 വർഷത്തേക്ക് ഭൂമി പാട്ടത്തിനാവശ്യപ്പെട്ട് നഗരസഭ വീണ്ടും കളക്ടർക്ക് കത്ത് നൽകിയിരിക്കുകയാണ്.