photo
ആരതി ലക്ഷ്മിയും പ്രവീൺകുമാറും

കൊട്ടാരക്കര: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിലെ രാജ്പഥിൽ നടക്കുന്ന സൈനിക- അർദ്ധസൈനികരുടെ പരേഡിൽ കുളക്കടയിൽ നിന്നുള്ള രണ്ടു കുട്ടി സൈനികരും പങ്കാളികളാകും. കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. കേഡറ്റുകളായ എം.എസ്.ആരതി ലക്ഷ്മി, യു.ബി. പ്രവീൺ കുമാർ എന്നിവരാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. കേരള- ലക്ഷദ്വീപ് മേഖലയിൽ നിന്നു 116 എൻ.സി.സി. കേഡറ്റുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പരിശീലനങ്ങളിൽ മികവു പുലർത്തിയവരാണ് അർഹത നേടിയത്.രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സേനാ മേധാവികൾ എന്നിവരുമായി സംവദിക്കാനും ഇവർക്ക് അവസരം ലഭിക്കും. കൊട്ടാരക്കര 9 കേരള ബറ്റാലിയൻ, കൊല്ലം എൻ.സി.സി.ഗ്രൂപ്പുമേധാവികളുടെ പ്രത്യേക പരിശീലനവും പിന്തുണയും ഇവർക്ക് ലഭിച്ചു വരുന്നു. എ.എ.എൻ.ഒ പി.എം ജയിംസാണ് പരിശീലകൻ.

കുളക്കട ഗോവർദ്ധനത്തിൽ മോഹൻദാസിന്റെയും സന്ധ്യയുടെയും മകളാണ് ആരതി ലക്ഷ്മി. കുളക്കട കിഴക്ക് ശ്രുതിലയത്തിൽ ഉണ്ണിക്കൃഷ്ണൻ നായരുടെയും ബീനയുടെയും മകനാണ് പ്രവീൺ കൃഷ്ണൻ. ഇവർക്ക് ലഭിച്ച അംഗീകാരത്തിന്റെ ആഹ്ലാദ നിറവിലാണ് വിദ്യാലയം. ഡൽഹിയിലേക്കു പുറപ്പെടും മുമ്പ് സ്വീകരണം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.