ഓച്ചിറ: മുഖംമൂടി ധരിച്ച ഗുണ്ടാസംഘം നിരന്തരം വീട് ആക്രമിക്കുന്നതാൽ ഒരു കുടുംബം ഭീതിയുടെ നടുവിൽ. തഴവ കുതിരപ്പന്തി കോളശ്ശേരിൽ കിഴക്കതിൽ രാജേഷിന്റെ വീടാണ് അക്രമികൾ നിരന്തരം ആക്രമിക്കുന്നത്. വീട്ടുകാരുടെ പരാതിയിൽ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാവുമ്പ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുണ്ടാ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി. കഴിഞ്ഞ മാസം 24ന് രാത്രി ഒന്നരയോടുകൂടി എത്തിയ ആക്രമികൾ വീടിന് മുൻവശത്തെ ജനൽ ഗ്ലാസുകൾ അടിച്ചു പൊട്ടിച്ചിരുന്നു. തുടർന്ന് വീട്ടിനുള്ളിലേക്ക് മുളക് വെള്ളം ഒഴിച്ചു. 31ന് രാത്രിയിൽ പതിനോന്നരയോടുകൂടി സംഘം എത്തിയെങ്കിലും ഓച്ചിറ പൊലീസ് എത്തിയതിനാൽ ആക്രമണം ഉണ്ടായില്ല. കഴിഞ്ഞദിവസം രാത്രി 2ന് എത്തിയ സംഘം അടുക്കളഭാഗത്തെയും പിറക് വശത്തെയും ജനൽ ഗ്ളാസുകൾ അടിച്ചു പൊട്ടിച്ചു. മുൻവശത്തെ വാതിൽ വേലികല്ലിന് ഇടിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും വാതിലിന് പിറകിൽ ഇരുമ്പ് പട്ട ഉള്ളതിനാൽ ശ്രമം നടന്നില്ല. അക്രമസംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നതിനാൽ പരിസരവാസികളും ഭീതിയിലാണ്.