കരുനാഗപ്പള്ളി: വിദേശ മൂലധന ശക്തികൾ രാജ്യത്തെ മത്സ്യബന്ധന മേഖല പൂർണ്ണമായും കൈയ്യടുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ 16-ം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കരുനാഗപ്പള്ളിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. മത്സ്യതൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണ വെട്ടിക്കുറക്കുന്ന കേന്ദ്ര സർക്കാർ മൂലധന ശക്തികൾക്ക് മണ്ണെണ്ണക്ക് സബ്സിഡി നൽകി പ്രോത്സാഹിപ്പിക്കുകയാണ്, പരമ്പരാഗത മത്സ്യതൊഴിലാളി മേഖലയെ പൂർണ്ണമായും തകർക്കുന്ന നയങ്ങളും നിയമങ്ങളുമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ ഖജനാവിന് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും ലഭിച്ചത് 45000 കോടി രൂപയാണ്. 14 ദശലക്ഷം തൊഴിലാളികളാണ് രാജ്യത്ത് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. രാജ്യത്തിന്റെ വികസനവും പുരോഗതിയും മനുഷ്യനെയും പരിസ്ഥിതിയെയും യോജിപ്പിച്ച് കൊണ്ടുള്ളതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കടലിന്റെയും കായലിന്റെയും സൗകര്യങ്ങൾ അന്യമാകുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകുകയാണ്. ഇതിനെതിരെ രാജ്യത്ത് മത്സ്യതൊഴിലാളികളുടെ ശക്തമായ പ്രതിരോധനിര ഉയർന്ന് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. ആർ.രാമചന്ദ്രൻ എം.എൽ.എ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് സത്യനാരായണമൂർത്തി, ദേശീയ ജനറൽ സെക്രട്ടറി പി.രാജു, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ നായർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ ജെ.ജയകൃഷ്ണപിള്ള, പി.ബി.രാജു, കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ ഇ.സീനത്ത് എന്നിവർ പ്രസംഗിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി കെ.രാജീവൻ നന്ദിയും പറഞ്ഞു.