photo
പെരുമ്പുഴയിൽ കനാലിൽ വീണ പശുവിനെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുന്നു

കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ കനാലിൽ വീണ പശുവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ആറാട്ടുവിള ഏലായിൽ വീട്ടിൽ വേലായുധന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ആറാട്ടുവിളയിൽ കെ.ഐ.പി കനാലിൽ വീണത്. കനാൽ റോഡിന് സമീപം പുല്ല് മേയുന്നതിനിടയിൽ സമീപത്തുകൂടി വന്ന ഓട്ടോറിക്ഷ തട്ടിയതിനെ തുടർന്ന് വിരണ്ടോടിയ പശു 20 അടി താഴ്ച്ചയുള്ള കനാലിൽ വീഴുകയായിരുന്നു. തുടർന്ന് കുണ്ടറ ഫയർഫോഴ്സ് സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജയകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനേഷ്, മിഥിലേഷ്, പ്രമോദ്, ബിനുലാൽ എന്നിവർ ചേർന്നാണ് പശുവിനെ രക്ഷപ്പെടുത്തിയത്. കനാലിൽ ഇറങ്ങി റെസ്ക്യൂ ഹോസും, റോപ്പും ഉപയോഗിച്ച് പശുവിനെ ഭദ്രമായി കെട്ടിയാണ് നാട്ടുകാരുടെ സഹായത്തോടെ കരയ്ക്കെത്തിച്ചത്.