കൊട്ടാരക്കര: പെരുംകുളം ഗ്രാമത്തിന് ഒരു ഗ്രാമീണത്തനിമയുടെ പാർക്കൊരുങ്ങുന്നു. സായന്തനങ്ങളിലെ വിശ്രമത്തിനും വിനോദത്തിനും ഉപകരിക്കും വിധമാണ് പാർക്ക് നിർമ്മിക്കുന്നത്. നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. കൊട്ടാരക്കര പൂവറ്റൂർ റോഡിൽ പെരുംകുളം നടുവത്ര ഏലായ്ക്ക് സമീപത്തായാണ് പാർക്കൊരുക്കുന്നത്.
റോഡിന്റെ ഒരു വശത്തെ നിർമ്മാണ ജോലികളാണ് പൂർത്തീകരണത്തിന്റെ വക്കിലുള്ളത്. റോഡിന്റെ സംരക്ഷണ ഭിത്തി ഉയർത്തിക്കെട്ടി അതിനുള്ളിൽ പച്ചപ്പ് നട്ടുപിടിപ്പിച്ചു. കാത്തിരിപ്പ് കേന്ദ്രമൊരുക്കി, തണൽ മരങ്ങൾക്ക് ചുറ്റുകെട്ട് കെട്ടി പെയിന്റടിച്ചു, സായന്തന വിശ്രമത്തിനുള്ള ഇരിപ്പിടങ്ങൾ സജ്ജമാക്കി. തട്ടുകടയുടെ നിർമ്മാണ ജോലികൾ നടക്കുകയാണ്. മുളകൊണ്ടാണ് കട നിർമ്മിക്കുന്നത്. മുകളിൽ പുല്ല് മേയാനാണ് തീരുമാനം. രണ്ട് ശില്പങ്ങൾ കൂടി ഇനി ഇവിടെ തയ്യാറാക്കുന്നുണ്ട്. കൂടുതൽ ഫണ്ട് വന്നുചേർന്നാൽ സൗകര്യങ്ങൾ വിപുലമാക്കണെന്നാണ് സംഘാടകരുടെ ആലോചന.
ഇപ്പോൾത്തന്നെ അലങ്കാര കൗതുകങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ നടുവത്ര ജംഗ്ഷന് ഇപ്പോൾ വേറിട്ടൊരു ഭംഗിയും വന്നുചേർന്നിരിക്കയാണ്. നിർമ്മാണ ജോലികൾ പൂർത്തിയാകുന്നതോടെ ഗ്രാമത്തിന്റെ സായന്തനങ്ങൾ ഇവിടേക്ക് ആയിത്തീരുമെന്നാണ് പ്രതീക്ഷ. പുറമെ നിന്നുള്ള ആളുകളും എത്തും. നെല്ലും പച്ചക്കറികളും വിളയുന്ന നടുവത്ര ഏലായുടെ കുളിരേറ്റ് സായന്തനം ചിലവിടാം. ഉദ്ഘാടനത്തിന് മുൻപായി പാർക്കിന് ഒരു പേര് കണ്ടെത്താനുള്ള ചിന്തയിലാണ് ഗ്രാമവാസികൾ.
കൈരളിയുടെ ചിട്ടി മുതലിപ്പ് മൂലധനം
പെരുംകുളം കൈരളി കലാസാംസ്കാരിക സമിതി വയൽ വാണിഭം നടത്തി ശ്രദ്ധേയമായ സംഘടനയാണ്. ദിവസങ്ങൾ നീണ്ടുനിന്ന വയൽ വാണിഭത്തിന് നാടിന്റെ പൂർണ്ണ പിന്തുണയുമുണ്ടായിരുന്നു. പിന്നീട് കൈരളി നടത്തിയ ചിട്ടിയിലും നാട്ടുകാർ പങ്കുചേർന്നു. ചിട്ടിയുടെ മുതലിപ്പ് തുക ലഭിച്ചത് എന്തുചെയ്യണമെന്ന് ചിന്തിച്ചപ്പോഴാണ് നാടിന് വേണ്ടിയൊരു പാർക്ക് നിർമ്മിക്കണമെന്ന ആശയം ഉദിച്ചത്. മാസങ്ങൾക്ക് മുമ്പ് പെരുംകുളത്തുകാർ മനസുവച്ചപ്പോൾ മിനി സ്റ്റേഡിയം യാഥാർത്ഥ്യമായിരുന്നു. നാടിന്റെ സംഭാവനകൾ കോർത്തിണക്കിയാണ് അന്ന് ഭൂമി വാങ്ങി സ്റ്റേഡിയം നിർമ്മിച്ചത്. പെരുംകുളം ബാപ്പുജി സ്മാരക വായനശാലയ്ക്ക് ഉയിർത്തെഴുന്നേൽപ്പുണ്ടാക്കിയതും നാടിന്റെ നല്ല മനസിലൂടെയാണ്. അതേ പിൻബലവും കൂട്ടുത്തരവാദിത്തവും പാർക്ക് നിർമ്മാണത്തിനുമുണ്ടായി. ഒന്നേകാൽ ലക്ഷം രൂപയാണ് ചിട്ടി മുതലിപ്പിലൂടെ ലഭിച്ചതെങ്കിലും അതിൽ കൂടുതൽ പാർക്കിന്റെ നിർമ്മാണത്തിന് വേണ്ടിവരും.
കൈരളി ജംഗ്ഷൻ
നടുവത്ര ജംഗ്ഷന് ഇനി മുതൽ കൈരളി ജംഗ്ഷൻ എന്ന പേര് നൽകാനാണ് ഇപ്പോൾ നാട്ടുകാരുടെ തീരുമാനം. പാർക്ക് ഉദ്ഘാടനം ചെയ്യുന്ന വേളയിൽത്തന്നെ ഇതിന്റെ പ്രഖ്യാപനവുമുണ്ടാകും. ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാത്ത നാടാണെന്നതിനാൽ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷ.