കൊട്ടാരക്കര: കൊട്ടാരക്കര ചന്തയ്ക്കുള്ളിലെ മാലിന്യം ശേഖരിക്കാനെത്തിയ നഗരസഭയുടെ ലോറി വ്യാപാരികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. പുറത്ത് നിന്നുള്ള മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ ചന്തയ്ക്കുള്ളിൽ നിക്ഷേപിക്കുന്നത് പതിവാണന്നും നിരവധി തവണ വ്യാപാരികൾ ഇത് നഗരസഭ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപിച്ചായിരുന്നു ലോറി തടഞ്ഞത്.
ചന്തയ്ക്കുള്ളിലേക്ക് ആളുകൾ കടന്നു പോകുന്നവഴിയുടെ അരികിലാണ് മാലിന്യം കുന്ന് കൂട്ടി ഇട്ടിരിക്കുന്നത്. അസഹനീയമായ ദുർഗന്ധം നിമിത്തം കച്ചവടം ചെയ്യാനാവാത്ത സ്ഥിതിയാണന്ന് വ്യാപാരികൾ പറയുന്നു. ലോറി തടഞ്ഞതിനെ ചൊല്ലി സംഘർഷം രൂക്ഷമായതോടെ പൊലീസും നഗരസഭ അധികൃതരും സ്ഥലത്തെത്തി. വ്യാപാരികളുമായി ചർച്ച നടത്തുകയും പുറത്ത് നിന്നുള്ള മാലിന്യ നിക്ഷേപം കർശനമായി തടയുമെന്ന ഉറപ്പും നൽകിയതോടെയാണ് സംഘർഷത്തിനു അയവുണ്ടായത്. ഈ ഭാഗത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും വ്യാപാരികൾ ഉന്നയിച്ചു.