കൊട്ടാരക്കര: രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ മുൻകാലങ്ങളേക്കാൾ ബഹുമടങ്ങ് വർദ്ധിച്ചെന്നും അതിനെ നിയന്ത്രിക്കാൻ പര്യാപ്തമായ നിയമങ്ങളുടെ അപര്യാപ്തത സ്ഥിതി ഗുരുതരമാക്കിയെന്നും സി. പി. ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി. ദിവാകരൻ എം. എൽ. എ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച സ്ത്രീ സംരക്ഷണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീപീഡകർക്ക് വഴിവിട്ട സഹായമാണ് പലപ്പോഴും ലഭിക്കുന്നത്. ഉന്നത ശ്രേണിയിലുള്ളവരും രാഷ്ട്രീയ നേതൃത്വത്തിലുള്ളവരും ഉൾപ്പെട്ട സംഭവങ്ങളിൽ ഭരണകൂടത്തിന്റെ സഹായം ലഭിക്കുന്ന സന്ദർഭങ്ങളും കുറവല്ല.പ്രതികൾക്കെതിരെയുള്ള നിയമ നടപടികളിലെ കാലതാമസം ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര സൗപർണികാ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ. ആർ. ചന്ദ്രമോഹനൻ, ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം. എൽ. എ, ജില്ലാ അസി.സെക്രട്ടറി പി. എസ്. സുപാൽ, സംസ്ഥാന കൗൺസിലംഗങ്ങളായ ഡോ.ആർ. ലതാദേവി, ആർ. രാജേന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ. എസ്. ഇന്ദുശേഖരൻ നായർ, എ. മന്മഥൻ നായർ, സാം കെ ഡാനിയേൽ, ജി. ആർ. രാജീവൻ, എസ്.ബുഹാരി, മണ്ഡലം സെക്രട്ടറി എ. എസ്. ഷാജി, കെ. ജഗദമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.