പാരിപ്പള്ളി: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്ന ഹോട്ടൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ അടച്ചുപൂട്ടിച്ചു. ദേശീയപാതയിൽ പാരിപ്പള്ളി പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് പഴകിയ മാംസവും ഭക്ഷണവും പിടികൂടിയത്. ചാത്തന്നൂർ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി, കല്ലുവാതുക്കൽ, ചാത്തന്നൂർ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ ഫോർമാലിൻ മുക്കിയ ചെങ്കലവ മത്സ്യം പിടികൂടി. കല്ലുവാതുക്കൽ മാർക്കറ്റിൽ നിന്ന് ഇരുപത്തിഅഅഞ്ച് കിലോയിലധികം മത്സ്യം പിടികൂടി നശിപ്പിച്ചു. കൂടാതെ കരിമീൻ, വാള എന്നിവ പിടികൂടി പരിശോധനയ്ക്ക് അയച്ചു. കൂടാതെ മത്സ്യങ്ങളിൽ മണ്ണ് വിതറി വില്പന നടത്തുന്നത് കർശനമായി വിലക്കി. ജില്ലയിൽ മത്സ്യങ്ങളിൽ ഫോർമാലിനും അമോണിയയും വ്യാപകമായി ഉപയോഗിക്കുന്നതായുള്ള പരാതിയെ തുടർന്ന് ജില്ലാ ഭക്ഷ്യസുരക്ഷാഅസിസ്റ്റന്റ് കമ്മിഷണർ ശ്രീകലയുടെ നിർദ്ദേശപ്രകാരം ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഒാഫീസർ സുജിത് പെരേര, കുന്നത്തൂർ ഫുഡ് സേഫ്റ്റി ഒാഫീസർ റസീമ, ജീവനക്കാരായ അനിൽകുമാർ, സുനിൽകുമാർ എന്നിവർ നടത്തിയ പരിശോധനയിലാണ് വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയത്. മത്സ്യ വ്യാപാരികൾക്കും ഹോട്ടലിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ഒാഫീസർ സുജിത് പെപേര അറിയിച്ചു.