കൊട്ടിയം: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് മയ്യനാട്ടെ സംയുക്ത മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മയ്യനാട് ആയിരം തെങ്ങ് ആക്കോലിൽ മുസ്ലിം ജമാഅത്ത് മസ്ജിദ് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി പീടികമുക്ക് വഴി ആലുംമൂട് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം കൊട്ടിയം കൊട്ടുമ്പുറം മസ്ജിദ് ഇമാം ഷാക്കിർ ദാരിമി ഉദ്ഘാടനം ചെയ്തു. ആക്കോലിൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി എം. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ആയിരം തെങ്ങ് മുസ്ലിം ജമാഅത്ത് സെക്രട്ടറി ഹാജി വൈ. ഖലീലുള്ള, ആയിരം തെങ്ങ് മുസ്ലിം ജമാഅത്ത് ഇമാം ഷാജഹാൻ ഫൈസി, പാട്ടിയഴികം ക്ഷേത്രം ശാന്തി കെ.എൻ. ബാബു, ആക്കോലിൽ മുസ്ലിം ജമാഅത്ത് ഇമാം മുജീബ് റഹ്മാൻ അഹ്സനി, കാര്യത്ത് പള്ളി ഇമാം ഇബ്രാഹിം കുട്ടി മൗലവി, മയ്യനാട് മുക്കം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഇമാം ഹുസൈൻ സഖാഫി, കുട്ടിക്കട ടൗൺ മസ്ജിദ് ഇമാം അമീർ ഖാൻ നിസാമി, സുജ, ഷെരീഫ് കൂട്ടിക്കട, മെഹ്ബൂബ്, സമ്മൂൺകുഞ്ഞ്, ഷാബ് ജാൻ, അബ്ബാസ് എന്നിവർ സംസാരിച്ചു.