villa

മുന്നൂറോളം താമസക്കാരുള്ള പോളണ്ടിലെ ഗ്രാമമായ മിജ്‌സെ ഒഡ്രാൻസ്‌കിയിൽ ഒരു ദശാബ്ദത്തോളമായി പെൺകുട്ടികൾ മാത്രമാണ് ജനിക്കുന്നത്. 2010 മുതൽ അവിടെ ആൺകുട്ടികളൊന്നും ജനിക്കാത്തതിന്റെ കാരണം ഇവിടത്തെ അധികാരികൾക്ക് വ്യക്തമല്ല. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാൻ പോളിഷ് മാദ്ധ്യമങ്ങൾ ഒരു തെരുവ് മാത്രമുള്ള ഈ ഗ്രാമത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. മിജ്‌സെ ഒഡ്രാൻസ്‌കിയിൽ താമസിക്കുന്നവരുടെ ജീവിതത്തിലെ സുപ്രധാന പങ്കു വഹിക്കുന്നവരാണ് സന്നദ്ധസേനാ വിഭാഗമായ അഗ്നിശമന വിഭാഗം.

ഈ സേനയിൽ മിക്കവാറും സ്ത്രീകളും പെൺകുട്ടികളും ആണുള്ളത്. ആൺകുട്ടിയെ പ്രസവിക്കുന്ന ദമ്പതികൾക്ക് മേയർ രജ്മുൻ ഫ്രിഷ്കോ ഒരു സർപ്രൈസ് സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. മേയർക്കും രണ്ടു പെൺകുട്ടികളാണുള്ളത്. നേരത്തെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫ്രിഷ്കോ പറഞ്ഞത് പ്രകാരമാണെങ്കിൽ ആ ഭാഗ്യവാന്റെ പേരായിരിക്കും അവരുടെ ആ തെരുവിനും ഒരു ഓക്ക് മരത്തിനും ഇടുക. എന്തായാലും ഇവിടത്തെ സവിശേഷമായ സാഹചര്യം ശാസ്ത്രജ്ഞരുടെ കൗതുകം ഉണർത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചു ഗവേഷണം നടത്താൻ അവർ തയ്യാറെടുക്കുകയാണ്.