job-fest
വൊക്കേഷണൽ ഹയർ സെക്കന്ററി പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങളൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തേവള്ളി ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ എത്തിയവരുടെ തിരക്ക്

കൊല്ലം: വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങളൊരുക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തൊഴിൽമേളയിൽ വൻ തിരക്ക്. തേവള്ളി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മേളയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ മേഖലകളിലെ അയ്യായിരത്തോളം ഉദ്യോഗാർഥികളാണ് പങ്കെടുത്തത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു ഉദ്ഘാടനം ചെയ്തു. ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇത്തവണ കമ്പനികൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ ബി. ഷൈലജ അദ്ധ്യക്ഷത വഹിച്ചു. 15 കൗണ്ടറുകളിലായി 103 കമ്പനികൾ പങ്കെടുത്തു. രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണുണ്ടായിരുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തത്സമയം നിയമന ഉത്തരവ് ലഭ്യമാക്കി.

2015 ന് ശേഷം വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയവർ അതത് സ്‌കൂൾ മുഖേനയാണ് രജിസ്​റ്റർ ചെയ്തത്. രണ്ടു മേഖലകൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയിരുന്നു. റിലയൻസ്, കാർണിവൽ സിനിമാസ്, കി​റ്റക്സ്, മുത്തൂ​റ്റ് തുടങ്ങിയവയാണ് പങ്കെടുത്ത പ്രമുഖ കമ്പനികൾ. വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ കുര്യൻ പ്രോഗ്രാം കൺവീനർ ശാലു ജോൺ, കരിയർ സെൽ സംസ്ഥാന കോ ഓർഡിനേ​റ്റർ റിയാസ്, തേവള്ളി ബോയ്സ് എച്ച്.എസ്.എസ് വൈസ് പ്രിൻസിപ്പൽ നൗഷാദ്, പി.ടി.എ പ്രസിഡന്റ് സിന്ധുലാൽ തുടങ്ങിയവർ പങ്കെടുത്തു.

മേളയിലെ തൊഴിൽ മേഖലകൾ

ഇൻഫർമേഷൻ ടെക്‌നോളജി,

സിവിൽ കൺസ്ട്രക്ഷൻ,

ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ

ഇലക്‌ട്രോണിക്സ്, പ്രിന്റിംഗ്

ടെക്‌നിക്കൽ സർവീസ്, അഗ്രികൾച്ചർ

ഹോസ്‌പി​റ്റാലി​റ്റി, ഹെൽത്ത് കെയർ

പാരമെഡിക്കൽ, ഡയറി ആൻഡ് അനിമൽ ഹസ്ബൻഡറി

സെയിൽസ്, ഫാഷൻ ആൻഡ് കോസ്‌മറ്റോളജി

ബാങ്കിംഗ്, മാർക്ക​റ്റിംഗ്, ഇൻഷ്വറൻസ്

ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഫുഡ് ആന്റ് റസ്​റ്റോറന്റ്

ടാക്സ് ആൻഡ് അക്കൗണ്ടിംഗ്