zz
പൂർത്തിയാകാത്ത പെരുമാട്ടുണ്ണി പാലവും തകർന്ന റോഡും

യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമാകുന്നു

പത്തനാപുരം: നടുക്കുന്ന് മഞ്ചല്ലൂർ പ്രധാന റോഡിലെ പെരുമാട്ടുണ്ണി പാലം പുതുക്കി നിർമ്മിച്ചെങ്കിലും പണികൾ പൂർത്തികരിക്കാത്തത് നാട്ടുകാരെ വലയ്ക്കുന്നു. യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം രണ്ട് വർഷം മുമ്പാണ് പാലം ഗതാഗതത്തിനായി തുറന്ന് നല്കിയത്. പാലത്തിന്റെ വശങ്ങൾ മണ്ണിട്ട് ലെവൽ ചെയ്യൽ, കോൺക്രീറ്റിടൽ എന്നിവ ചെയ്തിട്ടില്ലെന്ന് മാത്രമല്ല ടാറിങ്ങും അപ്രോച്ച് റോഡിന്റെ പണികളും ഇതുവരെ നടത്തിയിട്ടില്ല. രണ്ട് വശത്തും മെറ്റലുകൾ ഇളകിയതും മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതുമാണ് കാൽനട യാത്ര പോലും ദുസഹമാക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കാനുള്ള നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ലക്ഷങ്ങൾ ചെലവഴിച്ചുള്ള പാലം പണിയുടെ തുടക്കത്തിൽത്തന്നെ നാട്ടുകാരിൽ ചിലർ അഴിമതി ആരോപണവുമായി രംഗത്തെത്തിയിരുന്നു.

പാലത്തിന്റെ ശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

അധികൃതർ ഇടപെട്ട് പാലത്തിന്റെ ബാക്കിയുള്ള പണികൾ പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണം.

ഡി. ദിനരാജ് ( എസ്.എൻ.ഡി.പി യോഗം 970-ാം നമ്പർ മഞ്ചല്ലൂർ ശാഖാ സെക്രട്ടറി)

ചെറിയ മഴക്കാലത്ത് പോലും റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് വശങ്ങളിൽ ശരിയായ രീതിയിൽ ഓട നിർമ്മിക്കണം.

മഞ്ചല്ലൂർ സതീശ് (ബി.ജെ.പി പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ്)

പാലത്തിൽ വെള്ളം കയറുന്നത് തുടർക്കഥ

ചെറിയ മഴക്കാലത്ത് പോലും പാലത്തിൽ വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ട്. ഇതിന് അറുതി വരുത്തുന്നതിനായി തറനിരപ്പിൽ നിന്നും കുറച്ചുകൂടെ ഉയരത്തിൽ പാലം നിർമ്മിക്കണമെന്നതായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. എന്നാൽ പൊതുമരാമത്ത് അധികൃതരോ കരാറുകാരനോ ഈ ആവശ്യം പരിഗണിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്. പുതിയ പാലത്തിന്റെ പണി പൂർത്തിയായ ശേഷവും മഴക്കാലത്ത് പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നുണ്ട്.

എളുപ്പ മാർഗം
പുന്നല, കറവൂർ, കടയ്ക്കാമൺ, നടുക്കുന്ന് മേഖലകളിൽ നിന്നും കൊട്ടാരക്കര, പട്ടാഴി, ഏനാത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിന് എളുപ്പമാർഗമായ റോഡിലാണ് പെരുമാട്ടുണ്ണി പാലം സ്ഥിതി ചെയ്യുന്നത്. പത്തനാപുരം ജംഗ്ഷനിലും പുനലൂർ റോഡിലും മിക്കപ്പോഴും ഗതാഗത തടസമുണ്ടാകുമ്പോൾ ബസുകളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ ഇതുവഴിയാണ് കടന്നു പോകുന്നത്. വർഷങ്ങൾക്ക് മുൻപ് രാജഭരണകാലത്ത് നിർമ്മിച്ചതായിരുന്നു ഇവിടെയുണ്ടായിരുന്ന പഴയപാലം.

യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം 2 വർഷം മുമ്പാണ് പാലം ഗതാഗതത്തിനായി തുറന്ന് നല്കിയത്