kip
കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ഒറ്റക്കൽ പാറക്കടവിലെ കല്ലടയാറ്റിൽ നിരോധനം ലംഘിച്ചു കുളിക്കുന്ന ശബരിമലതീർത്ഥാടരും വിനോദ സഞ്ചാരികളും.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തെ അപകടം പതിയിരിക്കുന്ന കല്ലടയാർ ഒറ്റക്കൽ പാറക്കടവിൽ നിരോധനം ലംഘിച്ച് ശബരിമല തീർത്ഥാടകരും വിനോദസഞ്ചാരികളും കുളിക്കാൻ ഇറങ്ങുന്നത് പതിവാകുന്നു. ദിവസവും നൂറുകണക്കിനുപേരാണ് ഇവിടെ കുളിക്കാൻ ഇറങ്ങുന്നത്. ഇത് നിരോധിച്ചുകൊണ്ട് കെ.ഐ.പി നേരത്തെ ഇവിടെ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെയാണ് വിദ്യാ‌ർത്ഥികളടക്കം ഇവിടെ എത്തുന്നത്.

മേഖലയിൽ അപകടം പതിവായതോടെയാണ് ഇവിടെ കുളിക്കുന്നത് കെ.ഐ.പി അധികൃതർ നിരോധിച്ചത്. എന്നാൽ നിരോധനത്തിന് പുല്ലുവില പോലും ആരും കൽപ്പിച്ചില്ല. ഇതിനിടെ ചിലർ കടവിൽ മുങ്ങിമരിക്കുകയും ചെയ്തു. ഇതോടെ ആറ്റുതീരത്ത് ഇരുമ്പുവേലി അധികൃതർ സ്ഥാപിച്ചു. കൂടാതെ രണ്ട് ഗേറ്റുകളും സ്ഥാപിച്ചെങ്കിലും ഇത് പൂട്ടാത്തതാണ് നിരോധന ലംഘത്തിനത്തിന് കാരണമാകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഭീഷണിയാകുന്ന വാരിക്കുഴികൾ

ഇന്നലെ ശബരിമല ദർശനത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് അപകടമേഖലയായ ഇവിടെ കുളിക്കാൻ ഇറങ്ങിയത്. ആറ്റിലെ കൂറ്റൻ പാറക്കെട്ടുകളും, ഇതിനുളളിൽ രൂപപ്പെട്ടിട്ടുള്ള കുഴികളുമാണ് മേഖലയിലെ വില്ലൻ. തീർത്ഥാടക സംഘത്തിലെ കൊച്ചുകുട്ടികൾ മുതൽ ഇത് തിരിച്ചറിയാനാകാതെ ഇവിടെ കുളിക്കാൻ ഇറങ്ങുന്നുണ്ട്.

ഏത് നിമിഷവും ജലനിരപ്പ് ഉയരാം

നിലവിൽ കല്ലടയാറ്റിലേക്കുളള ജല വിതരണവും കുറച്ച് വച്ചിരിക്കുകയാണ്. ആറ്റിൽ വെള്ളം കുറവാണെന്ന് കരുതി കുളിക്കാൻ ഇറങ്ങുന്നവർ പാറക്കെട്ടിലെ കുഴികളിൽ അകപ്പെടാൻ സാദ്ധ്യതയുണ്ട്. കൂടാതെ വൈദ്യുതി ഉൽപ്പാദനം കൂട്ടുന്ന മുറയ്ക്ക് മുന്നറിയിപ്പില്ലാതെ ഏത് സമയത്തും ആറ്റിലേക്ക് കൂടുതൽ വെള്ളം ഒഴുക്കി വിടാനുളള സാദ്ധ്യതയും ഉണ്ട്. ഈ സമയം ആറ്റിൽ കുളിക്കുന്നവർ വലിയ അപകടത്തിലാകും ചെന്നുപെടുക.

.........................................

അപകടമേഖലയായ ഇവിടുത്തെ കുളിക്കടവിൽ പത്ത് വർഷത്തിനിടെ കുളിക്കാൻ ഇറങ്ങിയ ഒരു ഡസനോളം പേർ മുങ്ങി മരിച്ചിരുന്നു. സമീപത്തെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ, വിനോദ സഞ്ചാരികൾ, ഒറ്റക്കൽ മുസ്ലീം പളളിയിൽ ചന്ദനക്കുട മഹോത്സവത്തിനെത്തിയവർ, പ്രദേശവാസികൾ തുടങ്ങിയവരാണ് മരിച്ചത്. കടവിന് പടിഞ്ഞാറ് ഭാഗത്തെ കല്ലടയാറിൻെറ തീരത്ത് ലക്ഷങ്ങൾ ചെലവഴിച്ച് കെ.ഐ..പി പുതിയ കുളിക്കടവ് പണിതെങ്കിലും ഇവിടെ ആരും തിരിഞ്ഞുനോക്കാറില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കണം.

പ്രദേശവാസികൾ