photo
സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സമൂഹത്തിലെ ദുർബല വിഭാഗങ്ങളായ മത്സ്യതൊഴിലാളികൾക്കും തോട്ടം തൊഴിലാളികൾക്കും പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) 16-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വന്ദനാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടലോരവും മലയോരവും പ്രകൃതി ദുരന്തങ്ങളുടെ പിടിയിൽ അമരുകയാണ്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മത്സ്യതൊഴിലാളികളുടെ ജീവിത പുരോഗതിക്കായി നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നു.

കടക്കെണിയിൽ പെട്ട് വലയുന്ന മത്സ്യതൊഴിലാളികളെ സംരക്ഷിക്കാൻ മത്സ്യകടാശ്വാസ കമ്മിഷന്റെ പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കണം. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ്വൽക്കരണം പരമ്പരാഗത മത്സ്യതൊഴിലാളി മേഖലയെ പൂർണ്ണമായും തകർക്കും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 8ന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിൽ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് സത്യനാരായണമൂർത്തി, ദേശീയ ജനറൽ സെക്രട്ടറി പി. രാജു, ആർ. രാമചന്ദ്രൻ എം.എൽ.എ , ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്, ജനറൽ സെക്രട്ടറി ടി. രഘുവരൻ ജില്ലാ സെക്രട്ടറി കെ. രാജീവൻ തുടങ്ങിയവർ‌ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ജില്ലാ കളിൽ നിന്ന് തിരഞ്ഞെടുത്ത 250 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.