കൊല്ലം: കൊല്ലം ബൈപാസ് യാഥാർത്ഥ്യമാകുകയും നാലുവരിയായി വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്തതോടെ കാവനാട് മുതൽ മേവറം വരെയുള്ള പഴയ ദേശീയപാത 66 നെ ദേശീയപാത അതോറിറ്റി കൈയൊഴിഞ്ഞു. കൊല്ലം നഗരമദ്ധ്യത്തിലൂടെ കടന്നുപോകുന്ന 11.50 കിലോമീറ്ററോളം ദൈർഘ്യമുള്ള പഴയ ദേശീയപാത വൈകാതെ സംസ്ഥാന പാതയായി മാറും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദേശീയപാത അതോറിറ്റിയുടെ ഭൂപടത്തിൽ നിന്ന് ഈ ഭാഗം ഇതിനകം അപ്രത്യക്ഷമായിക്കഴിഞ്ഞു. തുറവൂർ മുതൽ കഴക്കൂട്ടം വരെ 45 മീറ്റർ വീതിയിൽ നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്ന ഭാഗം മാത്രമാണ് ഇനി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ളത്. അടുത്തിടെ പഴയ ദേശീയപാതയിൽ കേബിളിടാൻ കുഴിയെടുക്കാനുള്ള അനുമതിക്കായി പൊതുമരാമത്ത് റോഡ്സ് വിഭാഗം ദേശീയപാത അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ റോഡ് ഇപ്പോൾ തങ്ങളുടെ കീഴിലല്ലെന്ന മറുപടി ലഭിച്ചപ്പോഴാണ് പൊതുമരാമത്ത് വിഭാഗം അധികൃതരും വിവരം അറിയുന്നത്.
പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ നീക്കം തുടങ്ങി
പഴയ ദേശീയപാത അതോറിറ്റിയുടെ ഭാഗമല്ലാതായി മാറിയതോടെ ഇനി റോഡിന്റെ മേൽനോട്ടവും പരിപാലനവും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാകും. വികസനത്തിനും അറ്റകുറ്റപ്പണിക്കും കേന്ദ്രത്തിൽ നിന്ന് കാര്യമായ ഫണ്ടും ലഭിക്കുകയില്ല. സംസ്ഥാന ഹൈവേ എന്ന നിലയിലുള്ള പരിഗണന മാത്രമാകും ലഭിക്കുക. ഔദ്യോഗികമായി റോഡ് സംസ്ഥാന പൊതുമരാമത്തിന് കൈമാറാൻ ആവശ്യപ്പെട്ട് വകുപ്പധികൃതർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതായാണ് സൂചന.
കൈയ്യേറ്റങ്ങൾ പെരുകും, ഒഴിപ്പിക്കൽ ഇഴയും
പഴയ ദേശീയപാത സംസ്ഥാന പാതയുടെ നിലവാരത്തിലാകുന്നതോടെ കൈയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും പെരുകാനുള്ള സാദ്ധ്യത വർദ്ധിക്കുമെന്നാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. അതോറിറ്റി അധികൃതരെപ്പോലെ ഇക്കാര്യങ്ങളിൽ കർശന നിലപാടെടുക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടാകും. രാഷ്ട്രീയ ഇടപെടലുകളാകും ഉദ്യോഗസ്ഥർക്ക് ഏറ്റവുമധികം വിലങ്ങുതടിയാകുക. ഇപ്പോൾതന്നെ പോളയത്തോട്ടിലും പഴയാറ്റിൻകുഴിയിലും മിനി മാർക്കറ്റുകൾ പോലെ വഴിയോര വാണിഭ കേന്ദ്രങ്ങൾ വന്നുകഴിഞ്ഞു. സാധനം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് മൂലം ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
വാഹനത്തിരക്കിന് കുറവില്ല
ബൈപാസ് ഉദ്ഘാടനം ചെയ്ത് ഏതാനും ആഴ്ചകളോളം പഴയദേശീയപാതയിൽ വാഹനത്തിരക്കും ഗതാഗതക്കുരുക്കും കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. പഴയതിനെക്കാൾ തിരക്കാണ്. ഗതാഗതക്കുരുക്ക് ഏത് നിമിഷവും ഉണ്ടാകാം. അലക്ഷ്യമായ വാഹന പാർക്കിംഗും അനധികൃത കച്ചവട കേന്ദ്രങ്ങളും ചേർന്ന് സുഗമമായ ഗതാഗതത്തിന് തടസം സൃഷ്ടിക്കുകയാണ്. ബൈപാസിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങളാണ് പലരെയും പഴയ ദേശീയപാത തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.
നിർമ്മാണ ചട്ടങ്ങളിൽ മാറ്റത്തിന് സാദ്ധ്യതയില്ല
ദേശീയപാത സംസ്ഥാന പാതയായി മാറിയാലും കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ മാറ്റത്തിനുള്ള സാദ്ധ്യത വിരളമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. നിലവിൽ റോഡിന്റെ ഓരത്തുനിന്ന് (ടാർ ഭാഗമല്ല) 4.50 മീറ്റർ വിട്ടാണ് കെട്ടിട നിർമ്മാണാനുമതി നൽകുന്നത്. 25 മീറ്റർ വീതിയുള്ള എല്ലാ റോഡുകൾക്കും ഭാവി വികസനം മുന്നിൽകണ്ടാണ് ഈ മാനദണ്ഡം നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ മാറ്റത്തിന് സാദ്ധ്യതയില്ല.
'ദേശീയപാത അല്ലാതായാലും സംസ്ഥാന ഹൈവേയുടെ എല്ലാ പരിരക്ഷയും ലഭിക്കും"
ഉണ്ണിക്കൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് എൻജിനിയർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം