കരുനാഗപ്പള്ളി: സംസ്ഥാനത്ത് ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള നവീന പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉൾനാടൻ ജലാശയങ്ങളിൽ വളരുന്ന കരിമീൻ ഉൾപ്പെടയുള്ള മത്സ്യങ്ങൾക്ക് വംശനാശം സംഭവിക്കുകയാണ്. സർക്കാർ എടുത്ത ശക്തമായ നിലപാടിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 2 ലക്ഷം ടൺ മത്സ്യം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ചെറുമീനുകളെ പിടിക്കുന്നത് നിയമം മൂലം നിരോധിച്ചതിനെ തുടർന്നാണ് ഈ നേട്ടം കൈവരിക്കാനായിത്. ട്രോളിംഗ് നിരോധനം കൊണ്ട് മാത്രം മത്സ്യസമ്പത്ത് വദ്ധിപ്പിക്കാൻ കഴിയുകയില്ല. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ മനോഭാവത്തിലും മാറ്റം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി പി. രാജു അദ്ധ്യക്ഷത വഹിച്ചു. മത്സ്യമേഖല അതിജീവനം കേന്ദ്ര - സംസ്ഥാന സർക്കാർ സമീപനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രബന്ധം ഡോ. കെ.എൻ. ശശിധരൻപിള്ള അവതരിപ്പിച്ചു.ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് ഡി. പ്രസാദ് നന്ദിയും പറഞ്ഞു.