കൊല്ലം: ജനുവരി 26 ഓടെ സംസ്ഥാനത്ത് വീടില്ലാത്ത രണ്ട് ലക്ഷത്തിലധികം കുടുംബങ്ങൾക്കുള്ള വാസയോഗ്യമായ വീടുകളുടെ പൂർത്തീകരണം സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തിയ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു റേഷൻ കാർഡിന് ഒന്ന് എന്ന കണക്കിലാണ് അർഹതപ്പെട്ടവർക്ക് വീടുകൾ നൽകിയത്. പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണമായിരുന്നു ലൈഫ് ഒന്നാം ഘട്ടത്തിൽ. ലൈഫ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഭൂമിയുള്ള അർഹതപ്പെട്ടവരായ ഗുണഭോക്താക്കൾക്ക് വീടുകൾ നൽകിയത്. മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതർക്കായി വീടുകൾ നൽകുന്ന നടപടികൾ പുരോഗതിയിലാണ്. ഭൂമി ലഭ്യതയ്ക്ക് പരിമിതികളുള്ളതിനാൽ ഭൂരഹിത - ഭവന രഹിതർക്കായി ഫ്ളാറ്റ് സമുച്ചയങ്ങളും സർക്കാർ നിർമ്മിച്ച് നൽകും.
കശുഅണ്ടി മേഖലയുടെ അഭിവൃദ്ധിക്കായി സർക്കാരിനൊപ്പം തൊഴിലാളികൾ കൂടി പിന്തുണ നൽകി രംഗത്തിറങ്ങണമെന്ന് മന്ത്രി പറഞ്ഞു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നടത്തി. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീൻ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. ഫത്തഹുദ്ദീൻ, സി.പി. പ്രദീപ്, ഷേർലി സത്യദേവൻ, ജോർജ് മാത്യു, പി. ഗീതാദേവി, കെ.സി. വരദരാജൻ പിള്ള, ആർ. ബിജു, എ.എ.യു പ്രൊജക്ട് ഡയറക്ടർ ടി. സയൂജ, കില പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ, എ.ഡി.സി ജനറൽ കെ. അനു, ലൈഫ് കോ ഓർഡിനേറ്റർ ആർ. ശരത്ചന്ദ്രൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജയൂമാരി, സെക്രട്ടറി ജോർജ് അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു.