കൊല്ലം: വ്യവസ്ഥിതിയുടെയും പുരുഷമേധാവിത്വത്തിന്റെയും ദുഃഖഭാരം പേറുന്ന ഇരകളാണ് സ്ത്രീകളെന്ന് ചലച്ചിത്ര സംവിധായിക വിധു വിൻസന്റ് പ്രസ്താവിച്ചു. വനിതാ സാഹിതി സംസ്ഥാന കൗൺവൻഷൻ കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചരിത്രം പരിശോധിച്ചാൽ സ്ത്രീ അനുഭവിച്ച കണ്ണീർക്കഥകളും യാതനകളും ഉള്ളുലയ്ക്കും. കാലങ്ങൾക്ക് മുന്നേയുള്ള സ്ത്രീകളുടെ പ്രതിഷേധത്തിന്റെയും മുന്നേറ്റത്തിന്റെയും കഥകൾക്ക് ഇപ്പോഴും പ്രസക്തി നഷ്ടപ്പെടാത്തതും അതിന്റെ തീവ്രതകൊണ്ടുതന്നെയാണ്. ഫാസിസ്റ്റ് കടന്നാക്രമണങ്ങൾ രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തിയിരിക്കുന്നു. ഇതിന്റെയും പ്രധാന ഇരകൾ സ്ത്രീകളാണ്. കാലത്തിന്റെ കുതിച്ചുപോക്കിനിടയിലും പൊതുഇടങ്ങൾ സ്ത്രീ സമൂഹത്തിന് അന്യമാണ്. മതപരമായ അരക്ഷിതബോധത്തിനെതിരെ പൊരുതാൻ സ്ത്രീകൾ മുന്നോട്ട് വരണം. പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം നേർദിശയിൽ അണിചേർന്നെങ്കിൽ മാത്രമേ ഇനിയുള്ള കാലത്ത് പിടിച്ചുനിൽപ്പിന് ശേഷി ലഭിക്കുകയുള്ളൂവെന്നും വിധു വിൻസന്റ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി.സീതമ്മാൾ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. ചരിത്രത്തിൽ ഇടംനേടിയ സ്ത്രീകൾ ചരിത്രരേഖകളിൽ നിന്നും മാഞ്ഞുപോയത് യാദൃച്ഛികമല്ലെന്ന് ഡോ.പി.എസ്.ശ്രീകല പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡി.സുരേഷ് കുമാർ, പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ, എക്സ്.ഏണസ്റ്റ്, ഡോ.സുജാ സൂസൻ ജോർജ്ജ്, ആർ.കെ.ദീപ, ഡോ.ഷീല എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി പി.എൻ.സരസമ്മ പ്രവർത്തന റിപ്പോർട്ടും വി.എസ്.ബിന്ദു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കഥാരചനാ മത്സര വിജയികളായ ഡോ.ടി.ശ്യാമള, പി.സുധാമണി എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ആതിരാജി സുന്ദറും സംഘവും അവതരിപ്പിച്ച നൃത്തശില്പത്തോടെയായിരുന്നു സമ്മേളനത്തിന് തുടക്കമിട്ടത്. വയലാർ, ഒ.എൻ.വി, ശ്രീകുമാരൻ തമ്പി എന്നിവർ എഴുതിയ മികച്ച ഗാനങ്ങൾ കോർത്തിണക്കിയതായിരുന്നു നൃത്തശില്പം.