harbour
ഹാർബറിൽ ചാക്കുകളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

ഒാച്ചിറ: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന അഴീക്കൽ ഹാർബറിൽ കടലിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. മത്സ്യബന്ധനത്തിനിടെ ബോട്ടുകളുടെ വലകളിൽ കുടുങ്ങുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഹാർബറിൽ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസക്കാലമായി ബോട്ടുകൾ കടലിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കരയിൽ എത്തിക്കുന്നുണ്ട്. ഇത് തരം തിരിച്ച് പ്ലാസ്റ്റിക് സംഭരണകേന്ദ്രങ്ങളിൽ എത്തിക്കേണ്ട ചുമതല പഞ്ചായത്തിനാണ്. ഇത് വരെ ഒരു പ്രാവശ്യം മാത്രമാണ് പഞ്ചായത്ത് ഇവിടെ നിന്നും പ്ലാസ്റ്റിക് നീക്കം ചെയ്തത്. ബാക്കിയുള്ള മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുകയാണ്.

കരയ്ക്കെത്തിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കാതെ നീക്കം ചെയ്തില്ലെങ്കിൽ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകും

വലിയഴീക്കൽ പ്രകാശ്

മത്സ്യ വ്യാപാരി

കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കരയ്ക്കെത്തിക്കുന്ന ചുമതല ഞങ്ങൾ നിർവഹിക്കുമ്പോൾ അത് സംസ്കരിക്കേണ്ട ബാദ്ധ്യത ബന്ധപ്പെട്ട അധികൃതർ നിർവഹിക്കണം

മത്സ്യ തൊഴിലാളികൾ

'ശുചിത്വ സാഗരം' പദ്ധതി

കടലിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കരകളിലെത്തിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചത് ഫിഷറീസ് ഡിപ്പാർട്ടുമെന്റാണ്. നീണ്ടകര ഹാർബറിൽ വിജയകരമായി നടപ്പാക്കിയ 'ശുചിത്വ സാഗരം' പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇവിടെയും പദ്ധതി ആവിഷ്ക്കരിച്ചത്. പക്ഷേ അഴീക്കൽ ഹാർബറിൽ പദ്ധതി പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

100 മീറ്റർ നീളമുള്ള വാർഫ്

ഒരു ദിവസം നൂറ്റിഅമ്പതോളം ഫിഷിംഗ് ബോട്ടുകളും നിരവധി വള്ളങ്ങളും ഇവിടെ അടുക്കുന്നുണ്ട്. ഇതിനായി ആകെയുള്ളത് നൂറ് മീറ്റർ നീളമുള്ള വാർഫാണ്. അതിന്റെ കാൽഭാഗത്തോളം ഭാഗത്ത് മത്സ്യഫെഡിന്റെ പെട്രോൾപമ്പ് പ്രവർത്തിക്കുന്നതിനാൽ ഒരേസമയം 3 ബോട്ടുകൾക്ക് മാത്രമേ ചരക്കിറക്കാൻ കഴിയുന്നുള്ളൂ. ഇതിനിടയിലാണ് ചാക്കുകളിൽ പ്ലാസ്റ്റിക് കൂട്ടിയിട്ടിരിക്കുന്നത്. ഇത് സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുന്ന ഹാർബറിലെ പ്രവർത്തനങ്ങൾക്ക് വലിയ തരത്തിലുള്ള തടസമാണുണ്ടാക്കുന്നത്.