അഞ്ചൽ: പുനലൂർ -ചടയമംഗലം മണ്ഡലങ്ങളെയും കൊട്ടാരക്കര - പുനലൂർ താലൂക്കുകളെയും ഇടമുളയ്ക്കൽ - ഇട്ടിവ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പെരുങ്ങള്ളൂർ പാലം 16ന് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിക്കും. നൂറ്റാണ്ട് പഴക്കമുള്ള കോഴിപ്പാലം എന്നറിയപ്പെടുന്ന പെരുങ്ങള്ളൂർ പാലം പൊളിച്ചാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. കോഴിവാൽപോലെ വീതികുറഞ്ഞ നീളംകൂടിയ പാലം ആയതിനാലാണ് ഇതിനെ കോഴിപ്പാലം എന്നറിയപ്പെട്ടിരുന്നത്. ഈ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു. പാലം പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ മാറിമാറി വന്ന സർക്കാരുകൾക്ക് നാട്ടുകാർ നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. പുനലൂർ എം.എൽ.എ കൂടിയായ കെ. രാജു മന്ത്രി ആയതോടെയാണ് പാലം നിർമ്മാണത്തിന് ആരംഭം കുറിച്ചത്. ഈ സർക്കാരിന്റെ കാലത്തുതന്നെ പാലം യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി രാജുവും മുല്ലക്കര രത്നാകരൻ എം.എൽ.എയും നാട്ടുകാർക്ക് ഉറപ്പും നൽകിയിരുന്നു. മൂന്നേകാൽ കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന് 9 മീറ്റർ വീതിയും 40 മീറ്റർ നീളവുമാണുള്ളത്. കൂടാതെ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.