kanam
കേരള കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന പ്രതിനിധി സമ്മേളനം കൊല്ലത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കശുഅണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ രൂപീകരിച്ച കാഷ്യുബോർഡിന്റെ പ്രവർത്തനം ഫലപ്രദമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരമായി കശുഅണ്ടി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നീക്കം പ്രഖ്യാപനമായി തുടരുകയാണ്. കേന്ദ്രനയങ്ങൾ മൂലം പ്രതിസന്ധി നേരിടുന്ന കശുഅണ്ടിയടക്കമുള്ള വ്യവസായങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാറിന് ബാദ്ധ്യതയുണ്ട്. കേന്ദ്രസർക്കാർ ആഗോളീകരണ നയങ്ങൾ നടപ്പിലാക്കിയതു മുതൽ പരമ്പരാഗത വ്യവസായങ്ങളെല്ലാം പ്രതിസന്ധിയിലാണ്. തൊഴിലാളി വിരുദ്ധ നിലപാടാണ് കേന്ദ്രസർക്കാർ കൈകൊള്ളുന്നത്. തൊഴിൽ നിയമങ്ങളെല്ലാം ഭേദഗതി ചെയ്ത് മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കുന്നതാക്കുന്നു. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കൽ പാതയിലാണ്. പകുതി സംസ്‌കരിച്ച കശുഅണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യാനുള്ള അനുമതി റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണ്.
കൊല്ലം ജില്ലയുടെ രാഷ്ട്രീയം നിശ്ചയിക്കുന്നത് കശുഅണ്ടി തൊഴിലാളികളാണ്. എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന തൊഴിൽമേഖലയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഇടപെടണം.
കേന്ദ്ര കൗൺസിൽ പ്രസിഡന്റ് എ. ഫസലുദ്ദീൻ ഹക്ക് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ആർ. ചന്ദ്രമോഹൻ, ചിഞ്ചുറാണി, എം.രാജൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, കൗൺസിൽ ജനറൽ സെക്രട്ടറി ജി. ലാലു, സംഘാടകസമിതി ചെയർമാൻ എൻ.അനിരുദ്ധൻ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു, ചിറ്റയം ഗോപകുമാർ എം.എൽ.എ, പി.എസ്. സുപാൽ, എസ്. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.