nadappalam
കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ പണി പൂർത്തിയായ നടപ്പാലം

 ചെമ്മാംമുക്കിലേത് ഉടൻ പൂർത്തിയാകും

കൊല്ലം: നഗരത്തിലെ ആദ്യ നടപ്പാലത്തിന്റെ നിർമ്മാണം ഹൈസ്കൂൾ ജംഗ്ഷനിൽ പൂർത്തിയായി. ചെമ്മാൻമുക്കിൽ നിർമ്മിക്കുന്ന നടപ്പാലത്തിന് മേൽക്കൂര കൂടി പാകാനുണ്ട്. ഇത് കൂടി പൂർത്തിയായ ശേഷം ഒന്നര ആഴ്ചയ്ക്കുള്ളിൽ രണ്ടിന്റെയും ഉദ്ഘാടനം ഒരുമിച്ച് നടക്കും.

ജല അതോറിറ്റി, വൈദ്യുതി, ദേശീയപാത തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള അനുമതി ലഭിക്കാൻ കാലതാമസം വന്നതോടെ നടപ്പാലങ്ങളുടെ നിർമ്മാണം ആരംഭിക്കൽ വൈകിയിരുന്നു. ഫയലുകളെല്ലാം ശരിയായി നിർമ്മാണം തുടങ്ങിയതോടെ മഴ പലപ്പോഴും വില്ലനായെത്തി. തടസങ്ങളെല്ലാം മറികടന്ന് അവസാനദിവസങ്ങളിൽ ശരവേഗത്തിലാണ് നിർമ്മാണം നടന്നത്.

നടപ്പാലങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ ഹൈസ്കൂൾ ജംഗ്ഷനിലെയും ചെമ്മാംമുക്കിലെയും കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും. ഇരുസ്ഥലങ്ങളിലും വിദ്യാർത്ഥികൾക്കാണ് ഏറെ ആശ്വാസമാകുന്നത്. പടികയറുന്നത് പ്രായമേറിയവർക്ക് അല്പം ബുദ്ധിമുട്ടാണെങ്കിലും കാത്തുനിന്ന് മുഷിയാതെയും അപകടത്തിൽപ്പെടാതെയും നിമിഷങ്ങൾക്കുള്ളിൽ റോഡ് മറികടക്കാം.

ഇപ്പോൾ പൂർത്തിയാകുന്ന സ്ഥലങ്ങൾക്ക് പുറമേ സെന്റ് ജോസഫ് ജംഗ്ഷൻ, കടപ്പാക്കട എന്നിവിടങ്ങളിലും നടപ്പാലം നിർമ്മാണത്തിന് പദ്ധതിയുണ്ട്. എസ്.എൻ കോളേജ് ജംഗ്ഷനിൽ നടപ്പാലം നിർമ്മിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും പ്രായോഗികമല്ലെന്ന കണ്ടെത്തലിൽ ഉപേക്ഷിച്ചു.

 ക്ളോക്ക് ടവർ മാതൃക

കൊല്ലത്തിന്റെ അടയാളമായ ക്ലോക്ക് ടവറിന്റെ മാതൃകയിലാണ് നടപ്പാതയെയും പടികളെയും ബന്ധിപ്പിക്കുന്ന ഇരുവശത്തെ തൂണുകൾ.

തറനിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരത്തിലാണ് ഇരുനടപ്പാലങ്ങളും. ചെമ്മാംമുക്കിലേതിന് 26 മീറ്ററും ഹൈസ്കൂൾ ജംഗ്ഷനിലേതിന് 22 മീറ്രറും നീളമുണ്ട്. ഹൈസ്കൂൾ ജംഗ്ഷനിലെ നടപ്പാലത്തിന്റെ നിർമ്മാണ ചെലവ് 56 ലക്ഷവും ചെമ്മാംമുക്കിലേതിന് 79 ലക്ഷം രൂപയുമാണ്. അമൃത് പദ്ധതിയിൽ നിന്നാണ് പണം വകയിരുത്തിയിരിക്കുന്നത്.

ഹെസ്കൂൾ ജംഗ്ഷനിൽ

തറനിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരം, 22 മീറ്റർ നീളം, 56 ലക്ഷം രൂപ ചെലവ്

 ചെമ്മാംമുക്കിൽ

തറനിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരം, 26 മീറ്റർ നീളം, 79 ലക്ഷം രൂപ ചെലവ്