navas
ഗ്യാരേജിനായി നിർമ്മിച്ച സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച നിലയിൽ

ശാസ്താംകോട്ട: കെ.എസ്.ആർ.ടി.സി ഗ്യാരേജിനായി വാങ്ങിയ സ്ഥലം ലൈഫ് മിഷന്റെ ഭാഗമായുള്ള പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിനായി വിട്ടു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്യാരേജിനായി വാങ്ങിയ സ്ഥലം സമീപത്തെ ഒാഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയായും ശാസ്താംകോട്ട പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്കരണത്തിനുള്ള പ്ലാസ്റ്റിക് തരംതിരിക്കുന്നതിനായും ഉപയോഗിക്കുകയാണ്. ലൈഫ് മിഷന്റെ രണ്ടാം ഘട്ടം പൂർത്തീകരണ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി നടത്താനിരിക്കുകയാണ്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടം ഭൂരഹിത ഭവന രഹിതർക്കു വേണ്ടിയുള്ള പാർപ്പിട സമുച്ചയ നിർമ്മാണമാണെന്ന സർക്കാർ പ്രഖ്യാപനം വന്നതോടെയാണ് കുന്നത്തൂരിലെ ഭൂരഹിത, ഭവന രഹിതരായ നൂറു കണക്കിന് കുടുംബങ്ങൾക്ക് താലൂക്കിൽ തന്നെ ഭവന സമുച്ചയം നിർമ്മിക്കുന്നതിനായി ഗാരേജിനായി വാങ്ങിയ സ്ഥലം ഉപയോഗിക്കണം എന്ന ആവശ്യം ശക്തമാകുന്നത്.

കെ.എസ്.ആർ.ടി.സി ഡിപ്പോ
ശാസ്താംകോട്ടയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ മാറി മാറി വരുന്ന ഇടതു വലതു സർക്കാരുകൾ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നത് തിരഞ്ഞെടുപ്പു വേളകളിൽ മാത്രം ചർച്ച ചെയ്യുന്ന വിഷയമായി മാറി. അതുകൊണ്ടുതന്നെ ഗ്യാരേജിനായി വാങ്ങിയ സ്ഥലം ലൈഫ് മിഷന്റെ ഭാഗമായുള്ള പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിനായി വിട്ട് നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്.

1 ഏക്കർ സ്ഥലം

ശാസ്താംകോട്ടയിൽ കെ.എസ്.ആർ.ടി.സി ടിപ്പോ അനുവദിക്കുന്നതിന്റെ ഭാഗമായി ഗ്യാരേജ് നിർമ്മിക്കുന്നതിനായി താലൂക്കിലെ അഞ്ചു പഞ്ചായത്തുകളുടെ വിഹിതം സമാഹരിച്ച് വർഷങ്ങൾക്കു മുമ്പു വാങ്ങിയ ഒരേക്കർ സ്ഥലം വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ശാസ്താംകോട്ടയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അനുവദിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയും പ്രവർത്തിച്ചു കൊണ്ടിരുന്ന ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രവർത്തനം താളം തെറ്റുകയും ചെയ്തതോടെയാണ് ഡിപ്പോ എന്ന ആവശ്യത്തിന് പ്രസക്തിയില്ലായത്.